SHARE

ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് തലേ ദിവസമായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസറായ മാർക്ക് വുഡ് ടൂർണമെന്റിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. ലേലത്തിൽ വലിയ ഡിമാൻഡുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇപ്പോളിതാ ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ നിന്ന് താൻ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി മാർക്ക് വുഡ് തന്നെ രംഗത്തെത്തിയിരിക്കുന്നു.

കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനും, വരുന്ന സമ്മർ സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമാണ് ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് താൻ പിന്മാറിയതെന്ന് മാർക്ക് വുഡ് പറയുന്നു. ഒരു ക്രിക്കറ്ററെന്ന നിലയിൽ മെച്ചപ്പെടാൻ ഐപിഎൽ തനിക്ക് വലിയൊരു അവസരമാകുമായിരുന്നുവെന്നും, പണത്തിന്റെ കാര്യത്തിൽ ഐപിഎൽ തന്റെ ജീവിതം മാറ്റി മറിച്ചേക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന മാർക്ക് വുഡ്, ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ താൻ തൃപ്തനാണെന്നും കൂട്ടിച്ചേർത്തു.

“ഞാൻ ആറാഴ്ച ഇന്ത്യയിൽ ചിലവഴിക്കാൻ പോകുന്നു (ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾക്കായി). ഐപിഎല്ലിൽ കളിച്ചാൽ ഇതിന് പുറമേ എട്ടാഴ്ചകൾ കൂടിയാകുമായിരുന്നു. അതായത് 14 ആഴ്ചകൾ. ഞങ്ങൾ കോവിഡുമായി ഒരു വിചിത്ര അവസ്ഥയിലാണ്‌. സാധാരണയുള്ളത് പോലെ ഇപ്പോൾ ഞങ്ങൾക്ക് കുടുംബങ്ങളെ കാണാനാകില്ല. അതിനാൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. മറ്റൊരു കാരണം (ഐപിഎല്ലിൽ ‌നിന്ന് പിന്മാറാൻ) ഇംഗ്ലണ്ടിനായുള്ള മത്സരങ്ങൾക്കായി തയ്യാറെടുക്കാനാണ്‌.” മാർക്ക് വുഡ് പറഞ്ഞു നിർത്തി.