SHARE

നിലവിൽ കൂറ്റനടികൾക്ക് ശേഷിയുള്ളൊരു ഹാർഡ് ഹിറ്റിംഗ് ഓൾ റൗണ്ടറുടെ അഭാവം പാക് ടീമിനെ നന്നായി അലട്ടുന്നുണ്ട്‌. ഇപ്പോളിതാ പാകിസ്ഥാൻ ടീമിൽ ഈയൊരു കുറവ് നികത്താൻ കഴിവുള്ള താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അവരുടെ ബോളിംഗ് പരിശീലകനും, ഇതിഹാസ താരവുമായിരുന്ന വഖാർ യൂനിസ്. ഇരുപത്തിയഞ്ചുകാരൻ ഓൾ റൗണ്ടർ ഫഹീം അഷ്റഫിനെയാണ് ഈ‌ സ്ഥാനത്തേക്ക് വഖാർ ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാൻ ടീമിന്റെ ബെൻ സ്റ്റോക്ക്സാകാൻ ഫഹീം അഷ്റഫിന് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

വഖാറിന്റെ വാക്കുകൾ ഇങ്ങനെ, “ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്ക്സിനെ നോക്കൂ, അദ്ദേഹം 5,6 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാനും ഒരു ബോളറായും കളിക്കാൻ കഴിയുന്ന താരമാണ്. സ്റ്റോക്ക്സിനെപ്പോലൊരു താരത്തെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫഹീമിന് അത് പോലൊരു താരമാകാൻ കഴിയും. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ഇവിടെയുണ്ട്. അദ്ദേഹത്തിന് പാക് ടീമിലെ ഓൾ റൗണ്ടറുടെ ഒഴിവ് നികത്താനാവും.” മുൻ നായകൻ പറഞ്ഞു നിർത്തി.

അതേ സമയം മോശം പ്രകടനത്തെത്തുടർന്ന് ഏകദിന ലോകകപ്പിന് മുൻപ് പാക് ടീമിൽ നിന്ന് പുറത്തായ താരമാണ് ഫഹീം അഷ്റഫ്‌. പാക് ദേശീയ ടീമിനായി 4 ടെസ്റ്റുകളിലും, 23 ഏകദിനങ്ങളിലും, 27 ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.