SHARE

ആഷസില്‍ ആദ്യ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ആശങ്ക. പരിശീലനത്തിനിടെ കഴുത്തിന് പരിക്കേറ്റ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ ഫിറ്റ്‌നസാണ് കങ്കാരുക്കളെ ഭയപ്പെടുത്തുന്നത്. ടീമിന്റെ ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് വാര്‍ണറുടെ കഴുത്തിന് ചെറിയതോതില്‍ പരിക്കേറ്റത്. പരിക്കേറ്റതോടെ താരം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. അതേസമയം അടുത്ത 24-48 മണിക്കൂറിനുള്ളില്‍ ചെറിയ വേദനയുള്ളത് മാറുമെന്നും ആദ്യ ടെസ്റ്റില്‍ താനുണ്ടാകുമെന്നും വാര്‍ണര്‍ പ്രതികരിച്ചു.

പരിക്കേറ്റശേഷം മടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷം തിരിച്ചെത്തിയ വാര്‍ണര്‍ കുറച്ചുനേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തി. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കുറച്ചു പന്തുകള്‍ നേരിട്ടശേഷം മടങ്ങി. ബാറ്റിംഗ് കോച്ച് ഗ്രെയിം ഹിക്കായിരുന്നു വാര്‍ണര്‍ക്ക് പരിശീലനം നല്കിയത്. ആദ്യ ടെസ്റ്റില്‍ ഈ ഇടംകൈയന്‍ താരം കളിക്കാതിരുന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാകും.

സ്വദേശത്ത് ടെസ്റ്റില്‍ അറുപതിന് അടുത്താണ് വാര്‍ണറുടെ ശരാശരി. അതേസമയം കാമറോണ്‍ ബന്‍ക്രോഫ്റ്റാകും മറ്റൊരു ഓപ്പണിംഗ് പങ്കാളിയെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വാര്‍ണര്‍ക്കൊപ്പം ഇന്നിംഗ്‌സ് തുറക്കുന്ന പത്താമത്തെ താരമാകും ബന്‍ക്രോഫ്റ്റ്. 23ന് ഗാബയിലാണ് ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്.