SHARE

ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരബാ​ദിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരളാണ് ഡേവിഡ് വാർണർ. എന്നാൽ ഐപിഎല്ലിന്റെ ഈ സീസൺ വാർണറിന് അത്ര മികച്ചതല്ല. ബാറ്റിങ്ങിലെ ഫോം നഷ്ടമായതിന് പിന്നാലെ ടീം വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ യുഎഇയിൽ ഐപിഎൽ രണ്ടാം ഘട്ടം തുടങ്ങിയശേഷവും വാർണറിന്റെ കാര്യം മാറ്റമില്ലാതെ തുടരുകയാണ്.

ദുബായിൽ നടന്ന സൺറൈസേഴ്സിന്റെ ആ​ദ്യ രണ്ട് മത്സരങ്ങളിലും വാർണർ കളിച്ചിരുന്നു. എന്നാൽ പൂജ്യം, രണ്ട് എന്നിങ്ങനെയായിരുന്നു വാർണർ നേടിയ സ്കോർ. പിന്നാലെ ഇന്നലെ നടന്ന മത്സരത്തിൽ നിന്ന് വാർണറെ ഒഴിവാക്കിയിരുന്നു. മത്സരദിനം സ്ക്വാഡിൽ പോലുമില്ലാതിരുന്ന വാർണർ ടീം ഹോട്ടലിൽ തങ്ങുകയായിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിലെ വാർണറുടെ അഭാവത്തെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ ചോദിച്ച ഒരു ആരാധകനോട് താൻ ഇനിയും ടീമിൽ കളിക്കില്ല എന്നാണ് വാർണർ പറഞ്ഞത്. മത്സരശേഷം സൺറൈസേഴ്സ് പരിശീലകൻ ട്രെവർ ബെയ്ലിസും ഇത്തരമൊരു സൂചന നൽകി.

ഞങ്ങൾക്ക് പ്ലേ ഓഫിലെത്താനായില്ല, അതുകൊണ്ട് തന്നെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ഇനി ശ്രമിക്കുക, കളിക്കാൻ മാത്രമല്ല, മത്സരത്തിന്റ ഭാ​ഗമാകാനും കുടുതൽ യുവതാരങ്ങൾക്ക് അവസരം നൽകും, അങ്ങനെയാണ് ഈ മത്സരത്തിൽ വാർണറെ ഒഴിവാക്കാൻ തീരുമാനിച്ചത്, വാർണർ മാത്രമല്ല മറ്റ് ചില പരിചയസമ്പന്നരായ താരങ്ങളേയും ഒഴിവാക്കിയില്ലേ, ഇതുവരെ ​ഗ്രൗണ്ടിലെത്താൻ കഴിയാത്ത ചില യുവതാരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്, അവർക്ക് മത്സരപരിചയം നൽകണം, ഈ രീതി അടുത്ത കുറച്ച് മത്സരങ്ങളിലും തുടരും, ബെയ്ലിസ് പത്രസമ്മേളനത്തിൽ പറഞ്ഞു.