ഐ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ നീക്കി. ന്യൂസിലൻഡ് നായകൻ കൂടിയായ കെയിൻ വില്യംസൻ പകരം ചുമതലയേൽക്കും. ടീം തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ കുറേ നാളുകളായ വാർണറാണ് സൺറൈസേഴ്സിന്റെ ക്യാപ്റ്റൻ. മുമ്പ് അവരെ കിരീടത്തിലേക്ക് നയിച്ചതും വാർണർ തന്നെ. എന്നാൽ ഈ സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വാർണറിന്റെ പ്രകടനം മോശമാണ്. ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച് സൺറൈസേഴ്സ് പോയിന്റ് നിലയിൽ അവസാന സ്ഥാനത്താണുള്ളത്. ഈ സാഹചര്യത്തിൽ വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു, മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗടക്കമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും വാർണർ ടീമിനൊപ്പം തുടരുമെന്നാണ് സൺറൈസേഴ്സ് അറിയിച്ചത്. അതേസമയം നാളെത്ത മത്സരത്തിൽ ടീമിലെ വിദേശതാരങ്ങളുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാകുമെന്ന് സൺറൈസേഴ്സ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും നാളെ മിക്കാവാറും കളിച്ചേക്കില്ല. ഇംഗ്ലീഷ് താരം ജേസൺ റോയി വാർണറിന് പകരം കളിക്കുമെന്നാണ് സൂചനകൾ.
മുമ്പ് 2018-ൽ പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് വാർണർ വിലക്ക് നേരിട്ടപ്പോൾ സൺറൈഴേസിന് നയിച്ചത് വില്യംസനായിരുന്നു. ആ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കാൻ വില്യംസന് സാധിച്ചിരുന്നു. ആ സീസണിലെ ടോപ് സ്കോററും വില്യംസനായിരുന്നു.