കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ കൊടുങ്കാറ്റായി മാറി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ മറ്റൊരു കഥ പറയുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ എങ്ങനെ നന്നായി ബാറ്റു ചെയ്യാമെന്ന ഇന്ത്യന്‍ താരം വിരേന്ദ്ര സേവാഗിന്റെ ഉപദേശത്തെക്കുറിച്ചും ആ ഉപദേശത്തിന് തന്റെ ട്രിപ്പിള്‍ സെഞ്ചുറിയിലുള്ള സ്വാധീനത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.
ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോഴാണ് സേവാഗിനെ അടുത്തറിയുന്നതെന്നു വാര്‍ണര്‍ പറഞ്ഞു. താന്‍ ഒരു മികച്ച ടെസ്റ്റ് താരമാകുമെന്ന് സേവാഗ് അന്നേ തന്നോട് പറഞ്ഞിരുന്നതായി വാര്‍ണര്‍ പറഞ്ഞു. നിങ്ങളെന്താണീ പറയുന്നത് ഞാന്‍ അധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാത്ത ആളാണെന്നായിരുന്നു അപ്പോള്‍ തന്റെ മറുപടിയെന്നും വാര്‍ണര്‍ ഓര്‍മ്മിച്ചു.
അപ്പോള്‍ സേവാഗ് മത്സരത്തിന്റെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താനുള്ള തന്ത്രങ്ങള്‍ പറഞ്ഞു തന്നെന്നും വാര്‍ണര്‍ പറഞ്ഞു. തുടക്കത്തില്‍ സ്ലിപ്സിലും ഗള്ളിയിലും ഫീല്ഡര്മാരുണ്ടാകും കവര്‍ ഓപ്പണായിരിക്കും മിഡ് വിക്കറ്റില്‍ ഫീല്ഡര്മാരുണ്ടാകും മിഡ് ഓണും മിഡ് ഓഫും സര്ക്കിളിനുള്ളിലായിരിക്കും ഇത് മുതലെടുത്ത് തുടക്കത്തില്‍ അടിച്ചാല്‍ പിന്നീട് ചുമ്മാതിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും വാര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 418 പന്തുകളില്‍ നിന്നും 39 ഫോറും ഒരു സിക്സും സഹിതം 335 റണ്‍സാണ് വാര്‍ണര്‍ എടുത്തത്.