SHARE

പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ അടുത്ത ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. വിലക്കിന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ കളിച്ചതിന് ശേഷമായിരുന്നു വാര്‍ണര്‍ ലോകകപ്പിന്റെ കാര്യത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

നോര്‍ത്തേണ്‍ ടെറിറ്ററി സ്‌ട്രൈക്ക് ലീഗില്‍ സിറ്റി സൈക്ലൂണ്‍സിന് വേണ്ടി കളിച്ച് കൊണ്ടിരിക്കുകയാണ് വാര്‍ണര്‍. ആദ്യ മത്സരത്തില്‍ താരം 36 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇപ്പോഴിതാ, രണ്ടാം മത്സരത്തില്‍ ഡെസേര്‍ട്ട് ബ്ലേസിനെതിരെ93 റണ്‍സെടുത്താണ് വാര്‍ണര്‍ തന്റെ ഫോം പുറത്തെടുത്തത് തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച വാര്‍ണര്‍ പിന്നീട് താളം കണ്ടെത്തുകയായിരുന്നു. സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഓസീസ് വെടിക്കെട്ട് താരം പുറത്തായത്.

മത്സരത്തില്‍ ഡെസേര്‍ട്ട് ബ്ലേസിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിറ്റി സൈക്ലൂണ്‍സ് 248-5 (50) എന്ന ഭേദപ്പെട്ട സ്‌കോറാണ് കണ്ടെത്തിയത്. വാര്‍ണര്‍ തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ബ്ലേസിന്റെ മറുപടി സൈക്ലൂണ്‍സ് ഉയര്‍ത്തിയ സ്‌കോറിനേക്കാള്‍ 18 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. പരുക്കേറ്റ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ബ്ലേസിന് വേണ്ടി കളിച്ചിരുന്നില്ല. പന്തു ചുരണ്ടല്‍ വിവാദത്തില്‍ ബാന്‍ക്രോഫ്റ്റും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുകയാണ്.