SHARE

പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റില്‍ സ്പാനിഷ് വമ്പന്‍മാരായ ജിറോണ എഫ് സിയുമായും ഓസ്‌ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റിയുമായും കേരള ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ മലയാളി ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. കൊച്ചിയിലേക്ക് വമ്പന്‍ ക്ലബുകള്‍ കളിക്കാനെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന്റെയും കേരള ഫുട്‌ബോളിന്റെയും മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്ന് ഉറപ്പാണ്.

അതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മെല്‍ബണ്‍ സിറ്റി കോച്ച് വാറണ്‍ ജോയ്‌സ്. ‘ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ എനിക്കറിയാം, മികച്ച താരമായിരുന്നു അദ്ദേഹം, ശക്തമായ നിലപാടുകളാണ് അദ്ദേഹത്തിനുള്ളത്, തീര്‍ച്ചയായും ജെയിംസ് ബ്ലാസ്റ്റേഴ്‌സിനെ ശക്തമായ ടീമാക്കി മാറ്റിമറിക്കും’ – മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റിസര്‍വ്വ് ടീം പരിശീലകന്‍ കൂടിയായ ജോയ്‌സ് പറഞ്ഞു.

താന്‍ വലിയൊരു ക്രിക്കറ്റ് ആരാധകനാണെന്നും ജോയ്‌സ് കൂട്ടിച്ചേര്‍ത്തു. ‘ ഞാനൊരു ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും എനിക്ക് അറിയാമായിരുന്നു, മികച്ച ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്’ – ജോയ്‌സ് പറഞ്ഞു നിര്‍ത്തി. 24 മുതല്‍ 28 വരെയാണ് കൊച്ചിയില്‍ പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ടൂര്‍ണ്ണമെന്റിനുള്ള മെല്‍ബണ്‍ ടീം 20ന് കേരളത്തിലെത്തുമെന്നാണ് സൂചന.