SHARE

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ അപ്രതീക്ഷിതമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരമാണ് പേസ് ബൗളർ ആൻറിച്ച് നോർത്തെ. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന സാൻസി സൂപ്പർ ലീഗിലെ ഗംഭീര പ്രകടനമായിരുന്നു താരത്തിന് ഐപിഎല്ലിൽ അവസരം നേടിക്കൊടുത്തത്. എന്നാൽ ഐപിഎൽ ലേലത്തിൽ ഉൾപ്പെട്ടെങ്കിലും ഏതെങ്കിലും ടീമുകൾ തന്നെ സ്വന്തമാക്കുമെന്ന് കരുതിയില്ലെന്ന് പറയുന്ന നോർത്തെ, താൻ ലേലദിവസം എന്ത് ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ലേല ദിവസം തനിക്ക് അവസരം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് പറയുന്ന നോർത്തെ, ഇങ്ങനെ കൂട്ടിച്ചേർത്തു, ” അന്ന് രാത്രി താൻ ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാനുള്ള ചിക്കൻ വാങ്ങാനായി ഇറച്ചിക്കടയിലായിരുന്നു. അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് തന്നെ വളരെയധികം സന്തോഷിപ്പിച്ചു. തന്നെ കൊൽക്കത്ത വാങ്ങിയ വാർത്ത ഫോൺ കോളിലൂടെയാണ് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങളായിരുന്നു പിന്നീട്.” നോർത്തെ പറഞ്ഞുനിർത്തി.

അതേ സമയം പ്രഥമ സാൻസി സൂപ്പർ ലീഗിൽ കേപ്ടൗൺ ബ്ലിറ്റ്സിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ആൻറിച്ച് നോർത്തെ കാഴ്ച വെച്ചത്. സ്റ്റാർ ബോളർ ഡെയിൽ സ്റ്റെയിനൊപ്പം ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ കേപ്ടൗൺ ബോളിംഗിനെ നയിച്ച നോർത്തെ പിന്നീട് പരിക്കിനെത്തുടർന്ന് പുറത്താവുകയായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു നോർത്തെയെ കൊൽക്കത്ത ടീമിലെത്തിച്ചത്.