SHARE

2007 ലെ‌ പ്രഥമ ടി20 ലോകകപ്പിൽ നിന്ന് സീനിയർ താരങ്ങൾ വിട്ടു നിന്നതോടെ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള നിയോഗം തന്നെത്തേടിയെത്തുമെന്ന് കരുതിയിരുന്നതായും എന്നാൽ എം എസ് ധോണി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെന്നും ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗ്. കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു 2007 ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമെന്ന് താൻ കരുതിയിരുന്നുവെന്ന് യുവി വെളിപ്പെടുത്തിയിരിക്കുന്നത്.

2007 ലെ ഏകദിന ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കോളിളക്കമുണ്ടായതായി യുവി ഓർത്തെടുക്കുന്നു. ഇതിന് ശേഷം രണ്ട് മാസത്തെ ഇംഗ്ലണ്ട് പര്യടനവും തുടർന്ന് ദക്ഷിണാഫ്രിക്ക, അയർലൻഡ് ടീമുകൾക്കെതിരായ പരമ്പരകളും ഇന്ത്യ കളിച്ചുവെന്നും, തുടർന്നാണ് ഒരു മാസത്തെ ദൈർഘ്യമുള്ള‌ ടി20 ലോകകപ്പ് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ യുവി, നാല് മാസത്തോളം വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിനാൽ ടി20 ലോകകപ്പിൽ നിന്ന് ഇടവേള വേണമെന്ന് സീനിയർ താരങ്ങൾ കരുതിയതായും കൂട്ടിച്ചേർത്തു.

“സീനിയർ താരങ്ങൾ തങ്ങൾക്കൊരു ഇടവേള വേണമെന്ന് കരുതി. ആരും ടി20 ലോകകപ്പിനെ ഗൗരവമായി എടുത്തില്ല.‌ ടി20 ലോകകപ്പിൽ ഇന്ത്യയുടെ നായകനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് എം എസ് ധോണി ക്യാപ്റ്റനാകുമെന്ന പ്രഖ്യാപനമെത്തി. ആരാണ്‌ ക്യാപ്റ്റനാകുന്നത്, ആ വ്യക്തിക്ക് നിങ്ങൾ പിന്തുണ നൽകണം. അത് രാഹുലായാലും, ഗാംഗുലിയായാലും. ഭാവിയിൽ ആരു തന്നെ നായകനായാലും നിങ്ങളൊരു ടീം മാൻ ആകണം. ഞാൻ അങ്ങനെയായിരുന്നു ” 22 യാർഡ് പോഡ്കാസ്റ്റിൽ സംസാരിക്കവെ യുവി വെളിപ്പെടുത്തി.

അതേ സമയം പ്രതീക്ഷിച്ചിരുന്ന നായക സ്ഥാനം ലഭിച്ചില്ലെങ്കിലും ധോണിയുമായുള്ള‌ യുവിയുടെ സൗഹൃദത്തിനും അടുപ്പത്തിനും ഒരു കോട്ടവും വീണില്ല. മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇരുവരും മാറുകയും ചെയ്തു.