SHARE

സിഡ്നി ടെസ്റ്റിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ പരമ്പരയിൽ നിന്ന് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരം യുവ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ സ്ക്വാഡിനൊപ്പം നെറ്റ്സ് ബോളറായി ഓസ്ട്രേലിയയിൽ തുടരാൻ നേരത്തെ വാഷിംഗ്ടൺ സുന്ദറിന് ബിസിസിഐ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ടീമിലെ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലായതോടെ ടെസ്റ്റ് ടീമിലും, പ്ലേയിംഗ് ഇലവനിലും ഇടം പിടിക്കാനുള്ള അവസരം സുന്ദറിന് വന്നെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്‌.

വലം കൈയ്യൻ സ്പിന്നറായ വാഷിംഗ്ടൺ സുന്ദർ, ബാറ്റിംഗിലും മികച്ച രീതിയിൽ കളിക്കാൻ കെൽപ്പുള്ള താരമാണ്‌. അത് കൊണ്ടു ഒരു പരിധി വരെയെങ്കിലും ജഡേജയില്ലാത്ത കുറവ് മറികടക്കാൻ വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒരു ഏകദിനവും, 26 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സുന്ദർ തമിഴ്നാടിൽ നിന്നുള്ള താരമാണ്.