SHARE

ബ്രിസ്ബെയിൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് വാഷിംഗ്ടൺ സുന്ദറും, ഷർദുൽ താക്കൂറും പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 186/6 എന്ന നിലയിൽ തകർന്നപ്പോൾ ക്രീസിൽ ഒത്തുചേർന്ന ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 123 റൺസാണ്‌‌. ഇതോടെ ഗാബയിൽ ഓസ്ട്രേലിയക്കെതിരെ 100 റൺസ് കൂട്ടുകെട്ട് നേടുന്ന ഇന്ത്യയുടെ ആദ്യ ഏഴാം നമ്പർ ജോഡിയായി ഇവർ മാറി‌.

ഇന്ത്യൻ ഇതിഹാസ താരം കപിൽദേവും, മനോജ് പ്രഭാകറും ചേർന്ന് 1991 ൽ നേടിയ 58 റൺസ് കൂട്ടുകെട്ടായിരുന്നു ഇത്രയും നാൾ ഗാബയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഏഴാം നമ്പർ പാർട്ണർഷിപ്പ്. ഇതാണ് ഇന്ന് സുന്ദർ-താക്കൂർ സഖ്യം‌ പഴങ്കഥയാക്കിയത്.

അതേ സമയം തന്റെ കന്നി ടെസ്റ്റ് മാത്രം കളിക്കുന്ന വാഷിംഗ്ടൺ സുന്ദറും, രണ്ടാം ടെസ്റ്റ് കളിക്കുന്ന ഷർദുൽ താക്കൂറും, ഓസ്ട്രേലിയയുടെ പേരുകേട്ട ബോളർമാരെ അടിച്ചു പറത്തുന്ന കാഴ്ചയാണ് ബ്രിസ്ബെയിനിലെ ഗാബയിൽ ഇന്നു കണ്ടത്. ഏഴാമനായി ക്രീസിലെത്തിയ സുന്ദർ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 62 റൺസ് നേടിയപ്പോൾ, 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 67 റൺസായിരുന്നു താക്കൂറിന്റെ സമ്പാദ്യം. ഇരുവരും ചേർന്നുള്ള ബാറ്റിംഗാണ് ആദ്യ ഇന്നിംഗ്സിൽ തകർന്ന ഇന്ത്യയെ മുന്നൂറ് കടക്കാൻ സഹായിച്ചത്

ഗാബയിൽ ഇന്ത്യയുടെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടുകൾ

  1. വാഷിംഗ്ടൺ സുന്ദർ – ഷർദുൽ താക്കൂർ – 121 (2021)
  2. കപിൽദേവ് – മനോജ് പ്രഭാകർ – 58 (1991)
  3. എം എസ് ധോണി – രവിചന്ദ്രൻ അശ്വിൻ – 57 (2014)
  4. മനോജ് പ്രഭാകർ – രവി ശാസ്ത്രി – 49 (1991)
  5. എം എൽ ജയസിംഹ – ബാപു നട്കർണി – 44 (1968).