SHARE

ശ്രീലങ്കക്കെതിരെ നടന്ന ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് വാഷിംഗ്ടണ്‍ സുന്ദര്‍. ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെ അനുഭവങ്ങളെ കുറിച്ചാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള താരത്തിന് ഇപ്പോള്‍ പറയാനുള്ളത്. 18 കാരനായ സുന്ദര്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ധോണിയുടെ നേതൃത്വത്തിലാണ്‌ സ്വീകരണം ലഭിച്ചത്. ആ സമയത്ത് ശരിക്കും ത്രില്ലടിച്ച് പോയെന്നാണ് സുന്ദര്‍ പറയുന്നത്. ക്രിക്കറ്റിലെ വെല്ലുവിളികളെയെല്ലാം കൂളായി നേരിടാനായിരുന്നു ധോണിയുടെ നിര്‍ദ്ദേശം.

‘ ആദ്യമായി ഡ്രസിംഗ് റൂമിലെത്തുമ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്, ധോണിയുള്‍പ്പടെയുള്ള താരങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ഏറെ ആസ്വദിച്ചു, എന്റേതായ പ്രകടനം പുറത്തെടുക്കാന്‍ ബൗളിംഗ് കോച്ച് ബി അരുണ്‍ പറഞ്ഞപ്പോള്‍ രോഹിത് ശര്‍മ്മയും എന്നില്‍ വലിയ വിശ്വാസമര്‍പ്പിച്ചു. രവി ശാസ്ത്രി എപ്പോഴും ഒരു സമ്മര്‍ദ്ദവുമില്ലാതെ കൂളായി ക്രിക്കറ്റിനെ നേരിടാന്‍ പറഞ്ഞുകൊണ്ടേയിരുന്നു” – വാഷിംഗ്ടണ്‍ സുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധോണിയുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം കളിക്കുകയെന്നത് വലിയ സ്വപനമായിരുന്നു. ആ സ്വപ്‌നമാണ് നിറവേറിയിരിക്കുന്നത്. ടി20യില്‍ അരങ്ങേറിയ മത്സരത്തില്‍ തന്നെ ന്യൂബോള്‍ നല്‍കി രോഹിത് ശര്‍മ്മ, സുന്ദറിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. മത്സരത്തില്‍ 4 ഓവറുകള്‍ പന്തെറിഞ്ഞ താരം 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനു വേണ്ടി കഴിഞ്ഞ ഐ പി എല്ലില്‍ പന്തെറിഞ്ഞ ഈ യുവതാരം 11 മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ പി എല്ലില്‍ താരത്തിന് 6.17 എന്ന മികച്ച എക്കണോമി റേറ്റാണുള്ളത്.