SHARE

ലോകം കണ്ട എക്കാലത്തേയും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളാണ് പാകിസ്ഥാൻ താരം വസീം അക്രം. 414 ടെസ്റ്റ് വിക്കറ്റുകളും, 502 ഏകദിന വിക്കറ്റുകളും നേടിയിട്ടുള്ള അക്രം കളിച്ച് കൊണ്ടിരുന്ന സമയത്ത് ബാറ്റ്സ്മാന്മാരെ മുഴുവൻ വിറപ്പിച്ചിരുന്ന താരമാണ്. പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇടം കൈയ്യൻ പേസറായ അക്രം നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളറാരെന്ന് വ്യക്തമാക്കിയിരിക്കുന്നു.

മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ തുടങ്ങിയ നിരവധി കഴിവുറ്റ ബോളർമാർ ഇന്ത്യൻ നിരയിലുണ്ടെങ്കിലും അക്രമിന്റെ അഭിപ്രായത്തിൽ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളർ. ഇരു വശത്തേക്കും ഒരു പോലെ പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതെന്നും പേസിൽ വൈവിധ്യം വരുത്തുന്നതിൽ ഭുവിക്കുള്ള കഴിവ് പ്രശംസനീയമാണെന്നും അക്രം പറയുന്നു. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഇന്ത്യൻ പേസർ ഭുവിയാണ്. ബോളിംഗിലെ വേഗത കൂട്ടാൻ കഴിഞ്ഞതോടെ ഏതൊരു ബാറ്റ്സ്മാനും പേടിക്കുന്ന നിലയിലേക്ക് വളരാൻ ഭുവിക്ക് കഴിഞ്ഞു. അക്രം പറഞ്ഞു നിർത്തി.

ഇന്ത്യൻ പേസർമാരുടെ പ്രകടനം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും, വരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ തിളങ്ങാൻ അവരുടെ പേസ് പടയ്ക്ക് സാധിക്കുമെന്നും പറയുന്ന അക്രം, നിലവിൽ സ്വിറ്റ്സർലാന്റിൽ നടക്കുന്ന ഐസ് ക്രിക്കറ്റിൽ പങ്കെടുക്കുകയാണ്.