SHARE

ലോകകപ്പിന് മുന്നോടിയായി 23 അംഗ സാധ്യതാ ടീമിനെ കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ തിരഞ്ഞെടുത്തത്. പരിശീലന ക്യാമ്പിന് ശേഷം 15 അംഗ അന്തിമ ടീമിന് 18ന് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. ഇതിനിടെ ടീമിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഇതിഹാസ താരം വസീം അക്രമം.

താരങ്ങള്‍ക്ക് ബിരിയാണിയാണ് കൂടുതലും നല്‍കുന്നതെന്നും ബിരിയാണി തിന്നു കൊണ്ട് ചാമ്പ്യന്‍മാര്‍ക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന് കഴിയില്ലെന്നും വസീം അക്രമം പറഞ്ഞതായി പാക് മാധ്യമപ്രവര്‍ത്തകന്‍ സാജ് സാദിഖാണ് ട്വീറ്റ് ചെയ്തത്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ സമ്പൂര്‍ണ്ണ പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

ഓസ്‌ട്രേലിയക്കെതിരെ തോറ്റതിന് പിന്നാലെ ടീമിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്ക തുറന്നു പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ വിമര്‍ശനം. ലോകകപ്പ് മുന്നില്‍ കണ്ട് തന്നെയാണ് അക്രം ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ചിരിക്കുന്നത്. മെയ് 30നാണ് ഇംഗ്ലണ്ട് വേദിയാവുന്ന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാവും. 31ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.