SHARE

നാളെയാണ് ക്രിക്കറ്റ് ലോ മുഴുവൻ ഏറെനാളായി കാത്തിരിക്കുന്ന ഇന്ത്യാ-പാക് ലോകകപ്പ് പോരാട്ടം. നാളെ ഉച്ചയ്ക്ക് 3 മണിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ മത്സരത്തിന് തുടക്കമിടുമ്പോൾ കണ്ണും കാതും കൂർപ്പിച്ച് കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് ഇംഗ്ലണ്ടിലേക്ക് കണ്ണും നട്ട് ടെലിവിഷന് മുൻപിൽ ഇരിക്കുക.

ലോകക്രിക്കറ്റിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ക്രിക്കറ്റ് പോരാട്ടത്തിന് മുൻപ് ആരാധകർക്ക് ഒരു ഉപദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ പാക് ഇതിഹാസം വസീം അക്രം. ഇന്ത്യ പാക്‌ പോരാട്ടത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ആരാധകരോടായി അക്രത്തിന്റെ ഉപദേശം. ഇന്ത്യ – പാക് പോരാട്ടത്തെ ഒരു ക്രിക്കറ്റ് മത്സരമായി തന്നെ കാണണമെന്നും, അതിനെ ഒരു യുദ്ധമായി കരുതരുതെന്നുമാണ് അക്രം പറയുന്നത്.

അക്രത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകകപ്പിൽ ഏറ്റുമുട്ടുമ്പോൾ ബില്ല്യൺ കണക്കിന് ആരാധകരാണ് കളി കാണുക. ആരാധകരാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ കാര്യം. അത് കൊണ്ടു തന്നെ മത്സരം ശാന്തമായി ആസ്വദിക്കാനാണ് ആരാധകരോട് എനിക്ക് പറയാനുള്ളത്. മത്സരത്തിൽ ഒരു ടീം ജയിക്കും, മറ്റൊരു ടീം തോൽക്കും. പക്ഷേ ഒരിക്കലും ഇതിനെ ഒരു യുദ്ധമായി കണക്കാക്കരുത്. ഇതിനെ ഒരു യുദ്ധമായി കണക്കാക്കുന്നവർ യഥാർത്ഥ ക്രിക്കറ്റ് പ്രേമികളല്ല. ” അക്രം പറഞ്ഞുനിർത്തി.