SHARE

ഈ വർഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റ് ഇതിഹാസം വസീം ജാഫർ അടുത്ത സീസണിൽ വിദർഭ ടീമിന്റെ പരിശീലകനായേക്കും. കഴിഞ്ഞ മൂന്ന്‌ സീസണുകളിൽ വിദർഭയെ പരിശീലിപ്പിച്ചിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് ഈ സീസണിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടാൻ വിദർഭ നിർബന്ധിതരായത്. ഈ ഒഴിവിലേക്ക് വിദർഭയുടെ മുൻ താരം കൂടിയായിരുന്ന വസീം ജാഫറിനെ കൊണ്ട് വരാൻ ടീം അധികൃതർ നീക്കം നടത്തുകയായിരുന്നു.

ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമെന്ന് വിശേഷിക്കപ്പെടുന്ന‌ ജാഫർ 2015 മുതൽ വിദർഭയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 2017-18 സീസണിലും, 2018-19 സീസണിലും വിദർഭ രഞ്ജി ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ മുത്തമിട്ടതിന് പിന്നിൽ നിർണായക പങ്കാണ് ജാഫർ വഹിച്ചത്. ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നിരവധി ബാറ്റിംഗ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരം, രഞ്ജി‌ട്രോഫിയിൽ മാത്രം 40 സെഞ്ചുറികൾ നേടിയിട്ടുണ്ട്.