SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇപ്പോൾ പരിശീലകർക്ക് അത്ര നല്ല കാലമല്ല. ടോട്ടനത്തിൽ നിന്ന് മൗറീഷ്യോ പോച്ചെറ്റിനോയും ആഴ്സനലിൽ നിന്ന് യുനായ് എമ്റിയും പുറത്താക്കപ്പെട്ടിട്ട് ദിവസങ്ങളേയായുള്ളു. ഇവർക്കു പിന്നാലെ സ്ഥാനം തെറിച്ചേക്കുമെന്ന് ഭീഷണി നേരിടുന്ന ഒരുപിടി പരിശീലകർ കൂടിയുണ്ട്.

വാറ്റ്ഫോഡിന്റെ സ്പാനിഷ് പരിശീലകൻ സാഞ്ചസ് ഫ്ലോറസാണ് പുറത്താക്കലിന്റെ വക്കിലുള്ള ഒരു പരിശീലകൻ. ഇന്നലത്തെ ലീ​ഗ് മത്സരത്തിൽ സതാംപ്ടനോടും കൂടി തോറ്റതോടെയാണ് സാഞ്ചസിന് പുറത്തേക്ക് വഴിതെളിയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജാവി ​ഗാർസിയ പുറത്തായതോടെയാണ് സാഞ്ചസ് ക്ലബ് ചുമതലയേറ്റത്. എന്നാൽ വാറ്റ്ഫോഡ് ഇപ്പോഴും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെയാണ്.

സാഞ്ചസിന്റെ കീഴിൽ 12 ലീ​ഗ് മത്സരങ്ങളാണ് വാറ്റ്ഫോഡ് കളിച്ചത്. ഇതിൽ ആറിലും ടീം തോറ്റു. രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ നാലിൽ സമനില വഴങ്ങുകയായിരുന്നു.