SHARE

ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിതി. ഹോസെ മൗറീന്യോ പോയി പകരക്കാരനായി ഒലെ ​ഗണ്ണർ സോൾഷ്യർ എത്തിയെങ്കിലും ടീമിന്റെ നിലവാരം ഉയർന്നിട്ടില്ല. ഇടയ്ക്ക് തിരിച്ചുവരവിന്റെ സൂചന നൽകിയെന്നത് മാത്രമാണ് ആരാധകർക്ക് ആശ്വസിക്കാനുള്ളത്

ടീമിന്റെ ഈ ദയനീയ പ്രകടനത്തിൽ മുൻതാരങ്ങളിൽ പലരും അതൃപ്തരാണ്. ഏറ്റവുമൊടുവിൽ കളിക്കാർക്കെതിരെ രൂക്ഷവിമർശനവുമായെത്തിയത് ഇതിഹാസതാരം വെയിൻ റൂണിയാണ്. യുണൈറ്റഡ് താരങ്ങൾക്ക് ക്ലബിൽ ആരേയും പേടിയില്ലെന്നും ടീമിന്റെ മോശം പ്രകടനം ഏതെങ്കിലും ഒരാളുടെ തലയിൽ വെച്ച് പിന്നിൽ മറഞ്ഞുനിൽക്കുകയാണവരെന്നുമാണ് റൂണി പറഞ്ഞത്. ഒരു ടി.വി.ഷോയിലാണ് റൂണി ഇക്കാര്യം പറഞ്ഞത്

എനിക്ക് തോന്നുന്നത് കളിക്കാർ ടീമിലെ ആരെയെങ്കിലും ഭയക്കണമെന്നാണ്, അവർ പരിശീലകൻ സോൾഷ്യറേയും സഹപരിശീലകൻ മൈക്കിൾ കാരിക്കിനേയും ഭയക്കണം, ഒപ്പം അവർക്കർഹിക്കുന്ന ബഹുമാനവും നൽകണം, റൂണി പറഞ്ഞു. ഒരു മത്സരം തോറ്റതിന് ശേഷം പോലും സമൂഹമാധ്യമങ്ങളിൽ പുതിയ ഹെയർസ്റ്റൈലും ഡ്രെസിങ് സ്റ്റൈലുമൊക്കെ ഇടുന്ന തിരിക്കിലാണ് പല കളിക്കാരും, റൂണി ആരോപിച്ചു

ഇതേ കുറിച്ച് ആരാധകരോ മറ്റോ വിമർശിച്ചാൽ എല്ലാം മാർക്കറ്റിങ് വിഭാ​ഗത്തിന്റെ തലയിൽ കെട്ടിവയ്ക്കും. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ മാത്രമല്ല കളിക്കളത്തിലും പല യുണൈറ്റഡ് താരങ്ങൾ ഇങ്ങനെയാണ്, കുറ്റം ഒരാളിൽ ചാർത്തി പിന്നിൽ മറഞ്ഞിരിക്കും, റൂണി കൂട്ടിച്ചേർത്തു