SHARE

വനിതാ ബിഗ് ബാഷ് ലീഗ് ടി20 യിൽ സൂപ്പർ ഓവറിലേക്ക് നീണ്ട രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ മെൽബൺ റെനഗേഡ്സിനെ കീഴടക്കി, സിഡ്നി‌ സിക്സേഴ്സ് ഫൈനലിലെത്തി. നാടകീയ നിമിഷങ്ങൾക്കൊടുവിലായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക് കടന്നതും സിഡ്നി കലാശപ്പോരാട്ടത്തിലെത്തിയതും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്നി ഉയർത്തിയ 132 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് മത്സരത്തിന്റെ അവസാന പന്തിൽ 3 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എലിസ് പെറിയായിരുന്നു ബോളർ. അർധസെഞ്ചുറി പിന്നിട്ട് ബാറ്റ് ചെയ്യുകയായിരുന്ന സോഫി മൊലിന്യൂക്സ് അടിച്ച അവസാന പന്ത് ബൗണ്ടറിയെന്നുറപ്പിച്ചിരിക്കുമ്പോളായിരുന്നു തകർപ്പൻ ഫീൽഡിംഗിലൂടെ സിക്സേഴ്സ് താരം അത് രക്ഷപെടുത്തിയത്‌.

തുടർന്ന് സിഡ്നി വിക്കറ്റ് കീപ്പർ അലിസ ഹീലിയിലേക്ക് പന്തെത്തുമ്പോൾ റെനഗേഡ്സ് താരങ്ങൾ മൂന്നാം റണ്ണിനായി ഓടുകയായിരുന്നു. തന്റെ കൈയ്യിൽ പന്ത് ലഭിച്ച ഉടൻ തന്നെ നോൺ സ്ട്രൈക്കിംഗ് എൻഡിലെ സ്റ്റമ്പ് ലക്ഷ്യമാക്കി ഹീലിയുടെ ത്രോ. നേരിട്ടുള്ള ത്രോയിൽ സ്റ്റമ്പ് തെറിക്കുമ്പോൾ മൊലിന്യൂക്സ്, ക്രീസിലെത്തിയിരുന്നില്ല. താരം റൗണ്ണൗട്ട്. ഇരു ടീമുകളും തുല്യസ്കോറുകളിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മെൽബൺ റെനഗേഡ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 6 റൺസാണ് നേടിയത്. രണ്ടാം ബാറ്റിംഗിൽ ഓവറിലെ നാലാം പന്ത് സിക്സറിന് പറത്തി എലിസ് പെറി ടീമിനെ ഫൈനലിലെത്തിക്കുകയായിരുന്നു.