SHARE

യൂറോപ്യൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങളിൽ പോർച്ചു​ഗലിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ​ഗോളിന് ലക്സംബർ​ഗിനെയാണ് അവർ തകർത്തത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് പോർച്ചു​ഗലിന് ​ഗംഭീരജയം സമ്മാനിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ജാവോ പൗളീന്യോ എന്നിവർ പറങ്കിപ്പടയുടെ ബാക്കി ​ഗോളുകൾ നേടി.

​ഗ്രൂപ്പ് എഫിലെ എട്ടാം മത്സരത്തിലും വിജയം നേടി ഡെന്മാർക്കും ലോകകപ്പ് യോ​ഗ്യതാ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു അവർ തോൽപ്പിച്ചത്. ​ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ പോളണ്ട് എതിരില്ലാത്ത ഒരു ​ഗോളിന് അൽബേനിയയെ വീഴ്ത്തി. ​ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സ്വീഡൻ എതിരില്ലാത്ത രണ്ട് ​ഗോളിന് ​ഗ്രീസിനെ വീഴ്ത്തി.

​ഗ്രൂപ്പ് ഐയിൽ നടന്ന നിർണായകമത്സരത്തിൽ ഇം​ഗ്ലണ്ട് സമനില വഴങ്ങി. ഹം​ഗറിയാണ് ഇം​ഗ്ലണ്ടിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ഹം​ഗറിക്കായി റൊളാൺഡ് സലായിയും ഇം​ഗ്ലണ്ടിനായി പ്രതിരോധതാരം ജോൺ സ്റ്റോൺസുമാണ് ​ഗോളുകൾ നേടിയത്.