SHARE

ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സൂപ്പർ താരമാണ് കെ എൽ രാഹുൽ. കഴിഞ്ഞ സീസണിൽ പഞ്ചാബ് 11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ രാഹുൽ, പോയ വർഷം അടിച്ചു കൂട്ടിയത് 154.84 പ്രഹരശേഷിയിൽ 659 റൺസാണ്. തന്റെ മുൻ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബ് ഇത്ര വലിയ തുക മുടക്കി രാഹുലിനെ വാങ്ങാൻ കാരണം.

2016 ൽ സൺ റൈസേഴ്സ് ഹൈദരാബാദിൽ നിന്ന് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ രാഹുൽ 146.49 പ്രഹരശേഷിയിൽ 397 റൺസായിരുന്നു ബാംഗ്ലൂർ ജേഴ്സിയിലെ ആദ്യ സീസണിൽ അടിച്ചുകൂട്ടിയത്. ഇപ്പോളിതാ താൻ തട്ടുപൊളിപ്പൻ പ്രകടനം നടത്തിയ 2016 സീസണിൽ ബാംഗ്ലൂർ ടീമിൽ എത്തിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രാഹുൽ.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, ” റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കരാർ ഒപ്പുവെച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ലേലത്തിന് ശേഷമുള്ള എഗ്രിമെന്റിൽ ഒപ്പു വെക്കാൻ ഞാനൊരു ദിവസം ചെന്നു. ഏതെങ്കിലും ഒരു മാനേജർ മാത്രമാകും അവിടെ കാണുക എന്നാണ് കരുതിയത്. എന്നാൽ അവിടെ ടീമിന്റെ മുഴുവൻ ഡയറക്ടർമാരും പങ്കെടുക്കുന്ന മീറ്റിംഗ് നടക്കുക യായിരുന്നു.വിരാട് കോഹ്ലിയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു‌. 20-30 പേജുള്ള കോണ്ട്രാക്റ്റായിരുന്നു‌ തന്റേത്. ഈ സമയം വിരാട് തനിക്കരികിലുണ്ടായിരുന്നു. അദ്ദേഹം തന്റെ കൈകൾ ഉപയോഗിച്ച് എന്റെ ഷോൾഡറിൽ തട്ടി. ടീമിലേക്ക് സ്വാഗതമെന്നും നമുക്ക് ഇക്കുറി തകർക്കണമെന്നും വ്യക്തമാക്കി.” രാഹുൽ പറഞ്ഞു.