SHARE

ഫീൽഡിംഗിലും ബാറ്റിംഗിലും കുറച്ച് കൂടി ശ്രദ്ധ ചെലുത്താൻ കഴിഞ്ഞാൽ അഫ്ഗാനിസ്ഥാന് ഇത്തവണത്തെ ഏഷ്യാകപ്പിൽ ജേതാക്കളാവാൻ കഴിയുമെന്ന് അവരുടെ സീനിയർ താരവും മുൻ ടീം നായകനുമായിരുന്ന അസ്ഗർ അഫ്ഗാൻ. കോവിഡിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം അഫ്ഗാൻ താരങ്ങൾ തങ്ങളുടെ ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഏഷ്യാകപ്പ് നേടാനുള്ള ‌മികവ് അഫ്ഗാനിസ്ഥാനുണ്ടെന്നും, അതിനായി ബാറ്റിംഗും, ഫീൽഡിംഗും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അസ്ഗർ അഫ്ഗാൻ അഭിപ്രായപ്പെട്ടത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഏഷ്യാകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം. മത്സരങ്ങൾ ഏഷ്യയിലായത് കൊണ്ട് ഞങ്ങൾക്ക് മികച്ച പ്രതീക്ഷയുണ്ട്‌. കാരണം ഞങ്ങളുടെ സ്പിന്നർമാർ ലോക പ്രശസ്തരാണ്. അത് കൊണ്ടു‌ തന്നെ ബാറ്റിംഗിലും, ഫീൽഡിംഗിലും കൂടുതൽ മികവ് പുലർത്താൻ കഴിഞ്ഞാൽ ഞങ്ങൾക്ക് ഏഷ്യാകപ്പിന്റെ ഫൈനലിലെത്താനും, വിജയം പോലും നേടാനും കഴിയും.” മുൻ അഫ്ഗാൻ നായകൻ പറഞ്ഞു നിർത്തി.