SHARE

കോവിഡ് ഭീതിയെത്തുടർന്ന് ഇന്ത്യയും ഇംഗ്ല‌ണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കിയതോടെ ഭീമമായ നഷ്ടമാണ് ഇംഗ്ല‌ണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് സംഭവിച്ചിരിക്കുന്നത്. ഇപ്പോളിതാ ഈ നഷ്ടം ഒരു പരിധി വരെയെങ്കിലും നികത്തുന്നതിന് വേ‌ണ്ടി അടുത്ത വർഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് അധിക ടി20 മത്സരങ്ങൾ കളിക്കാനുള്ള ഓഫർ ബിസിസിഐ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നോട്ട് വെച്ചിരിക്കുന്നു. എന്നാൽ ബിസിസിഐയുടെ ഈ ആവശ്യത്തോട് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിട്ടില്ല.

മാഞ്ചസ്റ്റർ ടെസ്റ്റ് ഇന്ത്യ അടിയറവ് വെച്ചതായി സമ്മതിക്കുകയാണെങ്കിൽ ഇംഗ്ല‌ണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മത്സരം നടക്കാത്തതിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കും. മറിച്ച് കോവിഡ് കാരണമാണ് മത്സരം റദ്ദാക്കിയതെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഇ സി ബിക്ക് കഴിയില്ല. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം 40 മില്ല്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത് മൂലം ഇംഗ്ലണ്ട് ബോർഡിന് സംഭവിച്ചിരിക്കുന്നത്.

“അടുത്ത ജൂലൈയിൽ ഇംഗ്ല‌ണ്ട് സന്ദർശിക്കുമ്പോൾ രണ്ട് അധിക ടി20 മത്സരങ്ങൾ കളിക്കാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തത് ശരിയാണ്. (വൈറ്റ് ബോൾ കളികൾക്ക് മാത്രം). മൂന്ന് ടി20 ക്ക് പകരം ഞങ്ങൾ അഞ്ച് ടി20 ലഭിക്കും. പകരമായി ഒരൊറ്റ ടെസ്റ്റ് മത്സരം കളിക്കാനും ഞങ്ങൾ തയ്യാറാണ്. ഇതിൽ ഏത് ഓഫർ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.” കഴിഞ്ഞ‌ ദിവസം ക്രിക്ബസിനോട്‌സംസാരിക്കവെ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.