SHARE

ഏഷ്യാകപ്പിലെ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ബഹ്‌റിനെ നേരിടാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ. രണ്ടാം മത്സരത്തില്‍ യുഎഇയ്‌ക്കെതിരേ തകര്‍ത്തു കളിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ഇന്ത്യയ്ക്ക് 2-0ത്തിന് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ അവസാന മത്സരവും ജയിച്ച് നോക്കൗട്ടിലേക്ക് കടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ അവകാശപ്പെടുന്നത്. നോക്കൗട്ടിലെത്താനാകുന്ന പ്രകടനം നടത്താന്‍ ഈ ടീമിന് ശേഷിയുണ്ട്.

യുഎഇയ്‌ക്കെതിരേ നമ്മുക്ക് അവസരങ്ങള്‍ മുതലാക്കാതെ പോയതാണ് പ്രശ്‌നം. അടുത്ത മത്സരത്തില്‍ പിഴവുകള്‍ തിരുത്തും. സമനിലയല്ല ജയം തന്നെയാണ് ബഹ്‌റിനെതിരേ ലക്ഷ്യമിടുന്നത്. അതിനു കഴിവുള്ള ടീം തന്നെയാണ് നമ്മുടേത്. യുഎഇയെ പലപ്പോഴും അത്ഭുതപ്പെടുത്താന്‍ ടീമിന് കഴിഞ്ഞതായും കോച്ച് പറയുന്നു.

ഇപ്പോള്‍ കളിച്ചതു പോലുള്ള വാശിയേറിയ മത്സരങ്ങള്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. നമ്മുടെ ടീമിന്റെ ശരാശരി പ്രായം 25 ആണ്. കൂടുതല്‍ യുവത്വമടങ്ങിയ ടീം. ഭാവിയിലേക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും. ടീമിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നായിരുന്നു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെയും അഭിപ്രായം. കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്നും ഛേത്രി അഭിപ്രായപ്പെട്ടു.