SHARE

അല്പം മുൻപാണ് ഈ വർഷത്തെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്‌. നായകൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതായിരുന്നു ടീമിലെ ശ്രദ്ധേയ കാര്യം. ഇതേത്തുടർന്ന് ഉപനായകൻ രോഹിത് ശർമ്മയാണ് ഏഷ്യകപ്പിൽ ഇന്ത്യയെ നയിക്കുന്നത്.

വിശ്രമം അനുവദിച്ച് കോലിയെ ഏഷ്യാകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തിയത് വലിയ രീതിയിലുള്ള ആരാധക രോഷത്തിനാണ് വഴി വെച്ചിരിക്കുന്നത്. ആരാധകർക്കിടയിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാൽ ടീം പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ കോലിയെ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായ എം.എസ്.കെ പ്രസാദ്. ” അമിതമായ മത്സരഭാരത്താൽ കോലിക്ക് ഏഷ്യാകപ്പിൽ നിന്ന് വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം വിശ്രമമില്ലാതെ കളിച്ച് കൊണ്ടിരിക്കുകയാണ്‌. ടീമിലെ ഏറ്റവും മികച്ച താരങ്ങൾക്ക് അതും മൂന്ന് ഫോർമാറ്റും കളിക്കുന്ന താരങ്ങൾക്ക് അനിവാര്യമായ വിശ്രമം നൽകേണ്ടതുണ്ട്. ഈ ഒരു കാര്യംമുൻ നിർത്തിയാണ് കോലിയ്ക്ക് വിശ്രമം അനുവദിച്ചത് “. പ്രസാദ് പറഞ്ഞുനിർത്തി.

അതേ സമയം, ഏഷ്യാകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മികച്ച മുന്നൊരുക്കങ്ങൾ നടത്താനും ഈ സമയം കോലിക്ക് ഏറെ ഉപകാരപ്രദമാകും. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലുള്ള കോലി വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം നാലാംതീയതി ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിലാകും ടീമിലേക്ക് തിരിച്ചെത്തുക. ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന വെസ്റ്റിൻഡീസുമായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.