അടുത്ത വർഷം ആദ്യം തന്നെ പരിശീലകരംഗത്തേക്ക് തിരിച്ചെത്തുമെന്ന് ആഴ്സെൻ വെംഗർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ ക്ലബുകളും ദേശീയ ടീമുകളുമായി വെംഗറുടെ പേര് ചേർത്ത്പറയപ്പെട്ടിരുന്നു. എന്നാൽ അടുത്തലക്ഷ്യം ഏതാണെന്ന് ഇതുവരെ വെളിപ്പെടുത്താത്ത വെംഗർ എന്നാൽ ഇംഗ്ലണ്ടിലേക്കായിരിക്കില്ല വരവെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമോയെന്ന് വെംഗറിന് നേരെ ചോദ്യമുയർന്നിരുന്നു. ഇതിന് തീർച്ചയായും ഇല്ല, എന്നായിരുന്നു ഫ്രഞ്ച് പരിശീലകന്റെ മറുപടി. തന്റെ മനസ് എപ്പോഴും ആഴ്സനലിനൊപ്പമാണ്, ആഴ്സനൽ ജയിക്കുമ്പോൾ സന്തോഷിക്കും, ആഴ്സനൽ തോൽക്കുമ്പോൾ സങ്കടപ്പെടും വെംഗർ വ്യക്തമാക്കി.
22 വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ മെയിലാണ് വെംഗർ ആഴ്സനലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ആഴ്സനലിനെ മൂന്ന് തവണ പ്രീമിയർ ലീഗ് ജേതാക്കളാക്കിയിട്ടുണ്ട് വെംഗർ. വെംഗറിന് പകരക്കാരനായി യുനായ് എമ്റിയാണിപ്പോൾ ആഴ്സനലിനെ പരിശീലിപ്പിക്കുന്നത്.