SHARE

ഇന്ത്യൻ സൂപ്പർ ലീഗ്‌ ടീം കേരള ബ്ലാസ്റ്റേഴ്സിനെ കളിയാക്കി ബംഗളൂരു എഫ്‌ സി യുടെ ആരാധകക്കൂട്ടം. ഇന്നലെ ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ മുംബൈ സിറ്റിക്കെതിരെ നടന്ന ആദ്യ ഐ എസ്‌ എൽ മത്സരത്തിന് ശേഷമായിരുന്നു വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നറിയപ്പെടുന്ന ബംഗളൂരു ആരാധകർ ബ്ലാസ്റ്റേഴ്സിനെ ക്ഷോഭിപ്പിച്ച് രംഗത്ത് വന്നത്.

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരും, ബംഗളൂരു എഫ് സി ആരാധകരും തമ്മിലുള്ള വൈരം ഫുട്ബോൾ ലോകത്ത് എപ്പോളും ചർച്ചാ വിഷയമാണ്. ഈ സീസൺ ഐ എസ് എൽ തുടങ്ങുന്നതിനു മുൻപ് കണ്ടീരവ സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിലേക്കുള്ള ടിക്കറ്റുകൾ വില്പനയ്ക്ക് വെയ്ക്കാതെ അവർ മനപൂർവ്വം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ ആരോപിച്ചിരുന്നു. ഇതിന് പകരമായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ തട്ടകമായ വെസ്റ്റ് ബ്ലോക്ക് ഗ്യാലറി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ കുളിപ്പിക്കുമെന്നായിരുന്നു കേരളാ ടീമിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ഭീഷണി. അതിന്റെ തുടർച്ചയാണ് ഇന്നലെ കണ്ടീരവയിൽ അരങ്ങേറിയത്.

കേരള ആരാധകരെ ചൊടിപ്പിക്കുന്ന പാട്ടാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആരാധകർ ഇന്നലെ പാടിയത്‌. തീർത്തും മോശമായ ഭാഷയിൽ ബ്ലാസ്റ്റേഴ്സിനെയും അതിന്റെ ആരാധകരെയും വിശേഷിപ്പിക്കുകയായിരുന്നു ബംഗളൂരു ആരാധകക്കൂട്ടം. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ ഈ പ്രവൃത്തിയോട് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം