SHARE

മാനുവേല്‍ പെല്ലഗ്രിനി ഇനി വെസ്റ്റ്ഹാമിനൊപ്പമില്ല. പരിശീലകനുമായി വേര്‍പിരിയാന്‍ ക്ലബ്ബ് തീരുമാനിച്ചു. സീസണിലെ മോശം പ്രകടനം തന്നെയാണ് കടുത്ത തീരുമാനത്തിലേയ്‌ക്കെത്താന്‍ വെസ്റ്റ് ഹാമിനെ പ്രേരിപ്പിച്ചത്. അവസാന മത്സരത്തില്‍ ലൈസസ്റ്റര്‍ സിറ്റിയോടും പരാജയപ്പെട്ടതോടെയാണ് ക്ലബ്ബ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ പരിശീലകനെ സംബന്ധിച്ച് സൂചനകളൊന്നും പുറത്തു വന്നിട്ടില്ല.

താനും ക്ലബ്ബുമായി വഴി പിരിഞ്ഞേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം പെല്ലഗ്രിനി നല്‍കിയിരുന്നു. ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ 19 പോയിന്റുമായി 16-ാം സ്ഥാനത്താണ് വെസ്റ്റ് ഹാമിന്റെ സ്ഥാനം. ഇത് തന്നെയാണ് പ്രധാനമായും പെല്ലഗ്രിനിക്ക് പുറത്തേയ്ക്കുള്ള വഴി തുറക്കാന്‍ കാരണമായത്. വെസ്റ്റ് ഹാമിനെ ഒരു മികച്ച ടീമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പെല്ലഗ്രിനിയെ ക്ലബ്ബിലെത്തിച്ചത്.

വന്‍ തുക മുടക്കി ക്ലബ്ബ് മാനേജ്‌മെന്റ് അദ്ദേഹത്തിന് ഒരു ടീം ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പ്രീമിയര്‍ ലീഗിലെ ഫലങ്ങള്‍ നല്‍കുന്ന സൂചന. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിച്ചേക്കും.