SHARE

ഫുട്ബോളിൽ വീണ്ടും വിവാദമായി കൈകൊണ്ടുള്ള ​ഗോൾ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഫുൾഹാമിനെതിരെ വെസ്റ്റ്ഹാമിന്റെ മെക്സിക്കൻ സൂപ്പർതാരം ജവിയർ ഹെർണാണ്ടസ് നേടിയ ​ഗോളാണ് വിവാദത്തിലായത്. മത്സരം ഫുൾഹാം തോൽക്കുകയും ചെയ്തതോടെ വിവാദങ്ങളും ചർച്ചകളും വീണ്ടുമുയർന്നേക്കും

ഫുൾഹാമിന്റെ മൈതാനമായ ക്രാവൻ കോട്ടേജിൽ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു സംഭവം. മൂന്നാം മിനിറ്റിൽ തന്നെ റയാൻ ബാബേലിന്റെ ​ഗോളിൽ ഫുൾഹാം മുന്നിലെത്തിയതാണ്. എന്നാൽ 29-ാം മിനിറ്റിലായിരുന്നു ഹെർണാണ്ടസിന്റെ വിവാ​ദ​ഗോൾ. കോർണർ കിക്കിനെത്തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയാണ് ഹെർണാണ്ടസ് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. എന്നാൽ റീപ്ലേകളിൽ വ്യക്തമായിരുന്നു ഹെർണാണ്ടസ് ഹെഡ് ചെയ്ത പന്ത് കൈയ്യിൽ തട്ടിയശേഷമാണ് വലയിലെത്തിയതെന്ന്.

ഫുൾഹാം താരങ്ങൾ പ്രതിഷേധിച്ചെങ്കിലും വാർ സംവിധാനമില്ലാത്തതിനാൽ റഫറിയുടെ തീരുമാനമായിരുന്നു അന്തിമം. ഹെർണാണ്ടസിന്റെ 50-ാം പ്രീമിയർ ലീ​ഗ് ​ഗോളായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മെക്സിക്കൻ താരമാണ് ഹെർണാണ്ടസ്. പിന്നീട് ഇസാ ഡിയോപ്, മിഷേൽ അന്റോണിയോ എന്നിവരും കൂടി ​ഗോൾ നേടിയതോടെ വെസ്റ്റ് ഹാം വിജയം കൈവരിച്ചു