SHARE

ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇം​ഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് വെറും 212 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സതാംപ്ടനിലായിരുന്നു മത്സരം അരങ്ങേറിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം തന്നെ തകർച്ചയുടേതായിരുന്നു. സ്കോർ നാലിൽ നിൽക്കെ എവിൻ ലെവിസ് പുറത്തായി. പിന്നീട് സ്കോർ 50 കടന്നതിന് പിന്നാലെ ക്രിസ് ​ഗെയിലും, ഷായ് ഹോപും പുറത്തായി. ഇതോടെ ഒരു ഘട്ടത്തിൽ മൂന്നിന് 55 എന്ന ദയനീയ നിലയിലായിരുന്നു വിൻഡീസ്.

തുടർന്ന് ഒത്തുചേർന്ന നിക്കോളാസ് പുറാനും ഷിമ്രോൺ ഹെറ്റ്മയറും പതിയെ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതോടെ കളിയിലേക്ക് വിൻഡീസ് തിരിച്ചെത്തിയെന്ന് കരുതിയതാണ്. എന്നാൽ 39 റൺസെടുത്ത ഹെറ്റ്മയറെ ജോ റൂട്ട് പുറത്താക്കിയതോടെ ഇം​ഗ്ലണ്ട് വീണ്ടും പിടിമുറുക്കി. പിന്നാലെ ക്യാപ്റ്റൻ ജേസൺ ഹോൾഡറേയും റൂട്ട് തന്നെ മടക്കി.

പിന്നാലെ വന്ന ആന്ദ്രെ റസലിനും കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടയിൽ പൊരുതി നിന്ന പുറാനെ ജൊഫ്ര ആർച്ചർ വീഴ്ത്തിയതോടെ വിൻഡീസ് പതനം ഉറപ്പായി. 78 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 63 റൺസായിരുന്നു പുറാന്റെ സംഭാവന.

വെറും പത്ത് റൺസിനിടെയാണ് വിൻഡീസിന്റെ അവസാന നാല് വിക്കറ്റുകൾ വീണത്. ഇം​ഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോ റൂട്ട് രണ്ടും ലിയാം പ്ലങ്കറ്റ്, ക്രിസ് വോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴിത്തി.