SHARE

ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെതിരെ പരിധിവിട്ട സ്ലെഡ്ജിംഗ് നടത്തിയ വിൻഡീസ് ബോളർ ഷാനോൺ ഗബ്രിയേലിന് താക്കീത് നൽകി ഓൺഫീൽഡ് അമ്പയർമാർ. മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെയായിരുന്നു‌ വിവാദ‌സംഭവങ്ങൾ. ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ 138/2 എന്ന‌ സ്കോറിൽ നിൽക്കുമ്പോളായിരുന്നു സംഭവം. ക്രീസിലുണ്ടായിരുന്ന ജോ റൂട്ടിനടുത്തെത്തിയ ഗബ്രിയേൽ അദ്ദേഹത്തെ ചൊടിപ്പിക്കാ‌ൻ മാന്യത വിട്ട സംസാരം അഴിച്ചുവിടുകയായിരുന്നു‌.

ഗബ്രിയേൽ, റൂട്ടിനോട് പറഞ്ഞ കാര്യങ്ങളെന്തെന്ന് സ്റ്റമ്പ് മൈക്ക് റെക്കോർഡിൽ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും, റൂട്ട് അദ്ദേഹത്തിന് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കേട്ടിടത്തോളം സ്വവർഗ രതിയുമായി ബന്ധപ്പെട്ടുള്ള കളിയാക്കലാണ് ഗബ്രിയേൽ നടത്തിയതെന്നാണ്‌ സൂചന.

അതേ സമയം സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ താരങ്ങളോ മാച്ച് റഫറിയോ തയ്യാറായില്ല. പരിധി വിട്ട പെരുമാറ്റത്തിന് ഓൺ ഫീൽഡ് അമ്പയർമാർ ഷാനോൺ ഗബ്രിയേലിനെ ഗ്രൗണ്ടിൽ വെച്ച് തന്നെ താക്കീത് ചെയ്ത നടപടിയെ മാച്ച് റഫറി ജെഫ് ക്രോയും പ്രശംസിച്ചിട്ടുണ്ട്‌. അമ്പയർമാർ സംഭവം നേരിട്ട രീതി പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞതായി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.