SHARE

ഐഎസ്എല്‍ ചാമ്പ്യന്മാര്‍ വാഴാത്ത ഇടമാണോ? കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരുടെ പെരുമയുമായെത്തിയ എടികെ കൊല്‍ക്കത്തയ്ക്ക് നേരിടേണ്ടി വന്ന അവസ്ഥയാണോ ഇത്തവണ ചെന്നൈയ്ന്‍ എഫ്‌സിയെ കാത്തിരിക്കുന്നത്. ലീഗില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നിലും തോറ്റ ഒരേയൊരു ടീം ചെന്നൈ മച്ചാന്‍സാണ്.

അവസാന സ്ഥാനത്താണ് ജോണ്‍ ഗ്രിഗറിയുടെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ടീം നിലവില്‍. മൂന്നു കളിയില്‍ നാലുഗോള്‍ അടിച്ചെങ്കിലും ഒരു സമനില പോലും കണ്ടെത്താന്‍ ടീമിനായിട്ടില്ല. എട്ടുഗോളുകള്‍ വഴങ്ങി കരണ്‍ജിത്ത് സിംഗ് പോസ്റ്റിന് കീഴെ താനൊരു ദുരന്തനായകനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ജെജെ മുന്നേറ്റത്തില്‍ നിഴല്‍ മാത്രമാണ്. നോര്‍ത്ത് ഈസ്റ്റിനെതിരേ താരത്തെ പുറത്തിരുത്തുകയും ചെയ്തു.

പക്ഷേ ചെന്നൈയ്‌നെ എഴുതി തള്ളാനായിട്ടില്ല. കഴിഞ്ഞ സീസണിലും ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ അത്രയൊന്നും മികച്ച നിലയിലായിരുന്നില്ല അവര്‍. എതിരാളികള്‍ തളര്‍ന്ന രണ്ടാംഘട്ടത്തില്‍ ആര്‍ത്തലച്ച് കളിച്ചാണ് അവര്‍ സെമിയിലേക്കും പിന്നീട് കിരീടത്തിലേക്കും മുന്നേറിയത്. ഇത്തവണയും നല്ല ടീം തന്നെയാണ് ചെന്നൈയ്‌ന്റേത്. സ്റ്റാര്‍ട്ടിംഗിലെ പ്രശ്‌നങ്ങള്‍ മാറിയാല്‍ ടീം ടോപ് ഗിയറില്‍ കുതിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.