SHARE

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് റെനെ മ്യൂളസ്റ്റീന്‍ ക്ലബിനും താരങ്ങള്‍ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ സ്വമേധയ രാജിവച്ച് പുറത്തു പോയതല്ലെന്നും തന്നെ ഒഴിവാക്കാന്‍ നടത്തിയ നാടകങ്ങള്‍ക്കൊടുവില്‍ കളം വിടേണ്ടി വന്നതാണെന്നും ഗോള്‍ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തില്‍ റെനെ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗനെതിരേയും ടീം മാനേജ്‌മെന്റിനെതിരെയും റെനെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

റെനെ ഏറ്റവുമധികം പഴികേട്ട കാരണങ്ങളിലൊന്ന് ഇയാന്‍ ഹ്യൂമിനെ ആദ്യ ഇലവനില്‍ കളിപ്പിക്കാതെ ഇരുന്നതായിരുന്നു. എന്നാല്‍ അതിനുള്ള കാരണവും റെനെ തുറന്നു പറയുന്നു. ഹ്യൂമിന് പ്രീസീസണില്‍ പരിക്കേറ്റിരുന്നു. പ്രീസീസണില്‍ വച്ചായിരുന്നു പരിക്ക്. അയാളെ വളരെ കരുതലോടെയാണ് കളത്തിലിറക്കിയത്. 60 മിനിറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് പോലും ഹ്യൂമിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്ന അയാളെ ഞാന്‍ കളിപ്പിച്ചില്ല.

കെസിറോണ്‍ കിസീറ്റോ ടീമിലെത്താന്‍ വൈകിയതിന് കാരണം ടീം മാനേജ്‌മെന്റാണെന്നും റെനെ പറയുന്നു. അയാളെ ടീമിലെത്തിക്കാന്‍ ഞാന്‍ തുടക്കം മുതലേ ശ്രമിച്ചിരുന്നു. എന്നാല്‍ ക്ലബിന് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് കരാറില്‍ ഒപ്പിടുന്നത് ജനുവരി വരെ വൈകിയത്. ഇപ്പോള്‍ കിസീറ്റോ നന്നായി കളിക്കുന്നതില്‍ എല്ലാവരും സന്തോഷിക്കുന്നു. പ്രെഫഷണലിസമില്ലാത്ത ടീം മാനേജ്‌മെന്റ് എന്നെ മാറ്റാന്‍ ആഗ്രഹിച്ചു. ഒടുവില്‍ മാറേണ്ടിവന്നു. നിരാശ ഇല്ല- റെനെ പറയുന്നു.