SHARE

അത്ലെറ്റിക്കോ മഡ്രിഡിലെ രാജാവായിരുന്നു അന്റോയിൻ ​ഗ്രീസ്മെൻ. കളിച്ച അഞ്ച് സീസണുകളിലും ക്ലബിന്റെ ടോപ് സ്കോററായിരുന്നു ​ഗ്രീസ്മെൻ. ഒപ്പം വ്യക്തി​ഗതമായ ഒട്ടേറെ നേട്ടങ്ങളും ഇക്കാലയളവിൽ ​ഗ്രീസ്മെനെ തേടിയെത്തി. ഫ്രഞ്ച് ദേശീയ ടീമിനൊപ്പവും ഈ മികവ് ​ തുടർന്നു.

തിളക്കമുള്ള കരിയർ റെക്കോർഡാണ് രണ്ട് വർഷത്തോളം ശ്രമിച്ച്, 120 ദശലക്ഷത്തോളം യൂറോ നൽകി ​ഗ്രീസ്മെനെ റാഞ്ചാൻ ബാഴ്സലോണയെ പ്രേരിപ്പിച്ചത്. എന്നാൽ ബാഴ്സയിൽ ​ഗ്രീസ്മെന് ഇതുവരെ ആശ്വസിക്കാനൊന്നുമില്ല. ഏറ്റവുമൊടുവിൽ മുൻ ക്ലബായ അത്ലെറ്റിക്കോയ്ക്കെതിരായ മത്സരത്തിന്റെ 90-ാം മിനിറ്റിൽ ​ഗ്രീസ്മെനെ പകരക്കാരനായി ഇറക്കിയതും കൂടി കണ്ടതോടെ ആരാധകരുടെ മാത്രമല്ല അത്ലെറ്റിക്കോ പരിശീലകൻ ഡി​ഗോ സിമിയോണിയുടെ കൂടി മനസ് വിഷമിച്ചു.

-Advertisement-

ബാഴ്സയിലേക്ക് വരാൻ ​ഗ്രീസ്മെൻ കൈക്കൊണ്ട തീരുമാനം ഒരിക്കലും പിഴവായി കാണാനാകില്ല. എന്നാൽ എന്താണ് തന്നെക്കൊണ്ട് ബാഴ്സ പദ്ധതിയിടുന്നതെന്ന്​ ​ഗ്രീസ്മെൻ മനസിലാക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഒരുപക്ഷെ ഇന്നീ അവസ്ഥ ഉണ്ടാകില്ലായിരുന്നു.

നെയ്മർ‍ ക്ലബ് വിട്ടെങ്കിലും എം എസ് എൻ ത്രയത്തിന്റെ ഹാങ്ങോവർ ബാഴ്സയെ വിട്ടിട്ടില്ല. ഇടതുവിങ്ങിൽ നെയ്മറിന് പകരക്കാരനെ കണ്ടെത്തി ആ മുന്നേറ്റത്രയത്തെ പുനരുജ്ജീവിപ്പിക്കാം എന്നതാണ് ബാഴ്സയുടെ മോഹം. ഫിലിപ്പ് കുട്ടീന്യോയേയും ഓസ്മെൻ ഡെംബെലേയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് ബാഴ്സ ​ഗ്രീസ്മെനെ കണ്ടെത്തിയത്.

​ഗ്രീസ്മെൻ ഒരു സ്വാഭാവിക വിങ്ങർ അല്ല. തുടക്കകാലത്ത് റയൽ സോസിദദിനായി ലെഫ്റ്റ് വിങ്ങറായി കളിച്ചിട്ടുണ്ടെങ്കിൽ കൂടിയും ഗ്രീസ്മെൻ മികച്ച പ്രകടനം നടത്തിയതൊന്നും ആ റോളിലല്ല. അതിനാൽ തന്നെ ലെഫ്റ്റ് വിങ്ങറായി ​ഗ്രീസ്മെനെ നിയോ​ഗിക്കാനുള്ള നീക്കം പരാജയപ്പെട്ടത് സ്വാഭാവികം മാത്രം

​ഗ്രീസ്മെൻ വർഷങ്ങളായി അത്ലെറ്റിക്കോ മഡ്രിഡിലും ഫ്രാൻസ് ദേശീയ ടീമിലും കളിക്കുന്നത് സ്ട്രൈക്കറായോ അറ്റാക്കങ് മിഡ്ഫീൽഡറായോ ആണ്. അത്ലെറ്റിക്കോയുടെ 4-4-2 ശൈലിയിൽ കോസ്റ്റയുടെ ഒപ്പം മുൻനിരയിൽ കളിക്കുമ്പോഴും ​ഗ്രീസ്മെൻ പ്രധാന സ്ട്രൈക്കറായിരുന്നില്ല. പിന്നിലേക്കിറങ്ങി, ക്രിയേറ്റീവായി കളിക്കുന്ന ശൈലിയായിരുന്നു ​ഗ്രീസ്മെന്റേത്. ​ഗോളടിക്കുന്നതിനൊപ്പം ഒട്ടേറെ ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ ​ഗ്രീസ്മെന് സാധിച്ചു. ഒരു പ്ലേമേക്കറായിരുന്നു ​ഗ്രീസ്മെൻ. ബാഴ്സ ഇക്കാര്യം പരി​ഗണിച്ചില്ല.

ഇടയ്ക്ക് ലൂയിസ് സുവാരസിന് പരുക്കേറ്റപ്പോൾ ബാഴ്സ ​ഗ്രീസ്മെനെ സെന്റർ ഫോർവേഡാക്കി. എന്നാൽ ഈ നീക്കവും വിജയിച്ചില്ല. ഇതിന് കരാണം സുവാരസിന്റെ ശൈലിയല്ല ​ഗ്രീസ്മെന്റേതെന്നതാണ്. സുവാരസ് എതിർപ്രതിരോധതാരങ്ങളെ ശാരീരികമായി കൂടി തകർത്താണ് ബോക്സിലേക്ക് കുതിക്കുന്നത്. കരുത്തും ടെക്നിക്കും ഒന്നിച്ചുചേർന്ന സെന്റർ ഫോർവേഡാണ് ​സുവാരസ്. ​ഗ്രീസ്മെൻ അങ്ങനെയല്ല. ​ഗോളിക്കാൻ മാത്രം നിയോ​ഗിക്കപ്പെടാൻ ​ഗ്രീസ്മെൻ ആ​ഗ്രഹിക്കുന്നില്ല.

സുവാരസിനോ നെയ്മറിനോ പകരക്കാരനായി കൊണ്ടുവരേണ്ട താരമായിരുന്നില്ല ​ഗ്രീസ്മെൻ. ഇപ്പോൾ ലയണൽ മെസി ചെയ്യുന്നതെന്തോ അത് മറ്റൊരു പൊസിഷനിൽ ചെയ്യും ​ഗ്രീസ്മെൻ. മെസി ഉള്ളിടത്തോളം ആ റോളിൽ ​ഗ്രീസ്മെനെ ബാഴ്സ പരി​ഗണിക്കാൻ ഇടയില്ല. ​ടീമിന് ​ഗുണം ചെയ്യുന്ന തരത്തിൽ ​ഗ്രീസ്മെന് പൊസിഷൻ നൽകാൻ ബാഴ്സയ്ക്ക് കഴിഞ്ഞിട്ടുമില്ല.

33 വയസ് പിന്നിടുകയാണ് ​മെസിക്കും ​സുവാരസിനും. ഈ സാഹചര്യത്തിൽ വരും നാളുകളിൽ ഇവർ ഇല്ലത്തെ ടീമിനെ ബാഴ്സ മനസിൽ കണേണ്ടതുണ്ട്. ​ഗ്രീസ്മെനെ മുൻനിർത്തി ഭാവിയിലേക്ക് ടീമിനെ ഒരുക്കുകയാണ് ബാഴ്സയ്ക്ക് ചെയ്യാവുന്നത്. അതല്ലെങ്കിൽ വൻതുക മുടക്കി കൊണ്ടുവന്ന ഒരു താരത്തെ കൂടി പരാജയപ്പെട്ട ട്രാൻസ്ഫർ എന്ന ക്ലബിന് രേഖപ്പെടുത്തേണ്ടിവരും. മാത്രവുമല്ല ​ഗ്രീസ്മെന്റെ കരിയർ നശിപ്പിച്ചെന്ന ദുഷ്പേരും കേൾക്കേണ്ടിവരും.