SHARE

ഐലീഗിനോടും ഐലീഗ് ക്ലബ്ബുകളോടും എ ഐ എഫ് എഫ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എട്ട് ഐലീഗ് ക്ലബ്ബുകളാണ് ഇന്ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇന്ന് സൂപ്പർ കപ്പ് യോഗ്യത മത്സരത്തിന്റെ ആദ്യ മത്സരത്തിൽ പങ്കെടുക്കേണ്ട മിനർവ്വ പഞ്ചാബ് ഈ മത്സരം കളിക്കില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. ഐലീഗ് ക്ലബ്ബുകൾ എ ഐ എഫ് എഫിനോടുള്ള പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്ന ടീമുകൾക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എ ഐ എഫ് എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ പിന്മാറുന്ന ടീമുകളെ ശിക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി എ ഐ എഫ് എഫ് പേടിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അത് സാധ്യമാകില്ലെന്നാണ് സൂചന. കാരണം സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്ന ടീമുകൾ ടൂർണമെന്റിൽ പങ്കാളിത്തം ഉറപ്പാക്കുന്ന പാർട്ടിസിപ്പേഷൻ എഗ്രിമിമെന്റിൽ ഇത് വരെ ഒപ്പുവെച്ചില്ല. ഇതിനാൽ ടീമുകൾക്ക് സൂപ്പർ കപ്പുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ പാർട്ടിസിപ്പേഷൻ എഗ്രിമെന്റ് പോലും ഒപ്പുവെക്കാത്ത ടീമിനെതിരെ നടപടിയെടുക്കാ‌ൻ എ ഐ എഫിന് എങ്ങനെ കഴിയുമെന്ന ചോദ്യമാണ് ഇന്ത്യൻ ഫുട്ബോൾ പണ്ഡിതർ ഉയർത്തുന്നത്.

സൂപ്പർ കപ്പ് തുടങ്ങുന്നതിന് മുന്നേ തന്നെ ഇതിൽ നിന്നുള്ള പിന്മാറ്റം ഐലീഗ് ടീമുകൾ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റ് തുടങ്ങിയതിന് ശേഷമോ, പാർട്ടിസിപ്പേഷൻ എഗ്രിമെന്റിൽ ഒപ്പുവെച്ചതിന് ശേഷമോ അല്ല ഇവരുടെ ഈ നീക്കം. അത് കൊണ്ടു തന്നെ എ ഐ എഫ് എഫിന് ഇക്കാര്യത്തിൽ ഐലീഗിനെതിരെ നടപടിയെടുക്കാ‌ൻ സാധിക്കില്ല.