SHARE

ന്യൂസില‌ൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മധ്യനിര ബാറ്ററായ ഹനുമ‌ വിഹാരിയെ സെലക്ടർമാർ തഴഞ്ഞത് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിപ്പിച്ചിരുന്നു. ശ്രേയസ് അയ്യർക്ക്‌ പോലും സ്ക്വാഡിൽ ഇടം നൽകിയപ്പോളായിരുന്നു പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ വിഹാരിയെ ടീമിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കിയത്. വിഹാരിയെ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് വിശദീകരണങ്ങളൊന്നും നൽകാൻ തയ്യാറാവാതിരുന്ന സെലക്ടർമാർ പിന്നീട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു.

ഈ വർഷമാദ്യം സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു വിഹാരി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ഈ മത്സരത്തിൽ ടീമിനെ പരാജയത്തിൽ നിന്ന് രക്ഷിച്ച വിഹാരിയെ ഇപ്പോൾ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്ന് തഴയാനുള്ള സെലക്ടർമാരുടെ തീരുമാനം മുൻ ഇന്ത്യൻ താരം അജയ് ജഡേജയേയും അസ്വസ്ഥനാക്കി. കഴിഞ്ഞ ദിവസം ക്രിക്ബസിനോട് സംസാരിക്കവെ ഇതിനെതിരെ അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

വിഹാരി ഇന്ത്യൻ‌ ടീമിനായി നന്നായി കളിച്ചിരുന്നുവെന്ന് പറയുന്ന ജഡേജ, നാട്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കാത്തത് എന്തു കൊണ്ടെന്നും അവൻ എന്താണ് തെറ്റായി ചെയ്തതെന്നും ചോദിക്കുന്നു.

“പാവം വിഹാരി. അവൻ നന്നായി കളിച്ചിരുന്നു. കുറച്ച് കാലമായി അവൻ ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. അവൻ എന്താണ് തെറ്റായി ചെയ്തത്? അവൻ എന്തിന് ഇന്ത്യൻ എ ടീമിന്റെ പര്യടനത്തിന് പോകണം? എന്തു കൊണ്ടാണ് അവന് നാട്ടിൽ ഒരു ടെസ്റ്റ് മത്സരം കളിക്കാൻ കഴിയാത്തത്? അല്ലെങ്കിൽ അവനെ എ ടീമിനൊപ്പവും കളിക്കാൻ അയക്കരുത്. ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോൾ ഇന്ത്യ ‘എ’ ടീമിനൊപ്പമുള്ള പരമ്പരക്ക് പോകുന്നു. ഒപ്പം പുതിയ ഒരാൾ ടീമിലേക്ക് വരുന്നു. ഇത് ആളുകളുടെ മനസിനെ കുഴപ്പിക്കുന്ന കാര്യമാണ്.” ജഡേജ പറഞ്ഞു നിർത്തി.

അതേ സമയം നേരത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച സമയത്ത് വിഹാരിയെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു വിഹാരിയെ ഇന്ത്യ എ ടീമിലേക്ക് ചേർക്കാൻ സെലക്ടർമാർ തീരുമാനിച്ചത്.