SHARE

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടെന്ന് സ്ഥിരീകരിച്ചിട്ട് ഇത്ര ദിവസങ്ങളായങ്കിലും സന്ദശ് ജിം​ഗന്റെ അടുത്ത നീക്കത്തേക്കുറിച്ച് വ്യക്തമായ സൂചന ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ അഭ്യഹങ്ങൾ ദിവസേന പുതിയതുണ്ടാകുന്നുണ്ട്. ജിം​ഗന് വിദേശ ക്ലബിലേക്ക് പോകുമെന്നും അതല്ല ഇന്ത്യയിൽ തുടരുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു സൂചനയും ഇതുവരെയില്ല.

വിദേശത്തുനിന്നുള്ള ട്രയൽസ് ഓഫറാണ് ജിം​ഗനെ ബ്ലാസ്റ്റേഴ്സ് വിടാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ഇ.എസ്.പി.എൻ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയൻ, ഇം​ഗ്ലീഷ് ക്ലബുകൾ ജിം​ഗനായി നോട്ടമിട്ടിരുന്നു. ഖത്തർ ക്ലബിൽ നിന്നും താരത്തിന് ഓഫറുണ്ടെന്നും റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ വരുന്ന അഭ്യൂഹങ്ങിലൊന്നും ഈ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകളുടെ പേരില്ല.

-Advertisement-

സ്കോട്ലൻഡിലെ പ്രധാന ക്ലബ് മതർവെൽ, ജർമനിയിലെ മൂന്നാം ഡിവിഷൻ ക്ലബ് ഹാലർഷെർ എന്നിവയുമായാണ് ഏറ്റവുമൊടുവിൽ ജിം​ഗന്റെ പേര് ചേർത്തുപറയപ്പെട്ടത്. ഇതിൽ മതർവെൽ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജർമൻ ക്ലബിന്റെ കാര്യത്തിൽ വ്യക്തതയില്ല. ഇനി അത് ശരിയാണെങ്കിൽ തന്നെ യൂറോപ്പിലേതാണങ്കിൽ കൂടി മൂന്നാം ഡിവിഷൻ ക്ലബിലേക്കുള്ള കൂടുമാറ്റത്തിന് ജിം​ഗൻ തയ്യാറായേക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ ശക്തമായി തെളിയുന്നത് ജിം​ഗൻ ഇന്ത്യയിൽ തുടരുന്നതിന് തന്നെയാണ്. എ.ടി.കെ, മുംബൈ സിറ്റി തുടങ്ങിയ ക്ലബുകൾ ജിം​ഗനായി വലവിരിച്ചിട്ടുണ്ട്. ഇതിനുപുറമെ കഴിഞ്ഞ ദിവസം ബെം​ഗളുരു എഫ്.സി. ഉടമ പാർഥ് ജിൻഡാലും ജിം​ഗനിൽ താൽപര്യമുണ്ടെന്ന് സൂചന നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ മൂന്ന് ക്ലബുകളും ജിം​ഗന് വൻ പ്രതിഫവും വാ​ഗ്ദാനം ചെയ്യുമെന്നുറപ്പാണ്.

ഇന്ത്യയിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച സെന്റർ ബാക്കാണ് ജിം​ഗൻ. അതിനാൽ തന്നെ ജിം​ഗനെ സ്വന്തമാക്കുന്ന ടീമിന് മിഡ്ഫീൽഡിലെ മുന്നേറ്റനിരയിലോ ഒരു അധിക വിദേശതാരത്തെ ഉൾപ്പെടുത്താം എന്നത് വലിയ നേട്ടമാണ്. അത് തന്നെയാണ് ജിം​ഗനായി ഇത്രയേറെ ആവശ്യക്കാർ രം​ഗത്തുള്ളത്. അടുത്ത നീക്കത്തെക്കുറിച്ച് ജിം​ഗന് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജിം​ഗന്റെ ഭാവിയെന്തെന്ന് കാത്തിരുന്ന് കാണേണ്ടിവരും