SHARE

ലോകകപ്പിലെ കന്നി മത്സരത്തിൽ കരുത്തരായ അർജന്റീനക്കെതിരെ സമനില നേടി ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ചിരുന്നു ഐസ്‌ലാൻഡ്. ഇപ്പാഴിതാ, ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അതിശയിപ്പിക്കുകയാണ് ഐസ്‌ലാൻഡ് ജനതയും. ഐസ്‌ലാൻഡിലുണ്ടായിരുന്ന 99.6 ശതമാനം ആളുകളും അർജൻ്റീനക്കെതിരെയുള്ള മത്സരം ടിവിയിൽ ലൈവായി കണ്ടുവെന്നാണ് വാർത്ത.

മൂന്നര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഐസ്‌ലാൻഡിൽ നിന്നും വലിയൊരു ജനക്കൂട്ടം തന്നെ രാജ്യത്തിന് പിന്തുണയുമായി റഷ്യയിൽ എത്തിയിട്ടുണ്ട്.  ജനസംഖ്യയുടെ 25 ശതമാനം പേർ റഷ്യയിൽ നേരിട്ട് കളി കാണാനെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ യൂറോകപ്പ് വരെ ഫുട്ബോൾ ലോകത്തിന് അപരിചിതരായിരുന്നു ഐസ്‌ലാൻഡ് ടീം. എന്നാലിപ്പോൾ മികച്ച പ്രകടനത്തോടൊപ്പം ആരാധക പിന്തുണയോടെയും ശ്രദ്ധേയരായിരിക്കുകയാണ് അവർ.

എന്നാൽ ഐസ്‌ലാൻഡ് ക്യാപ്റ്റൻ ആരോൺ ഗണ്ണേഴ്‌സന്റെ സംശയമാണ് ഇപ്പോഴത്തെ ചർച്ച വിഷയം. ബാക്കിയുള്ള ആളുകൾ എന്തുചെയ്യുകയായിരുന്നു എന്നാണ് ഗണ്ണേഴ്‌സൺ ചോദിക്കുന്നത്. ഗണ്ണേഴ്‌സന്റെ വാക്കുകൾ ഇങ്ങനെ -” ഇത് ഞങ്ങളുടെ പിന്തുണക്കുള്ള തെളിവാണ്.
ബാക്കിയുള്ള 0.4% ആളുകൾ എവിടെയായിരുന്നു എന്നാണ് എനിക്ക് അറിയാത്തത്, ചിലപ്പോൾ അവർ ഉറങ്ങി പോയിട്ടുണ്ടാവും, ഞങ്ങൾ കളിക്കുന്നത് ഞങ്ങൾക്കുവേണ്ടിയല്ല അവർക്കും കൂടെ വേണ്ടിയാണ്. “