SHARE

നിക്കോളാസ് ഫെഡർ എന്ന മിക്കു ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതനായ താരമാണ്. ഐ എസ് എൽ ടീം ബെംഗളൂരു എഫ് സി യുടെ മുന്നേറ്റ താരമായ മിക്കു, ബെംഗളൂരു ടീം ഈ വർഷം ഐ എസ് എൽ റണ്ണറപ്പുകളായപ്പോളും, പ്രഥമ സൂപ്പർ കപ്പ് ചാമ്പ്യന്മാരായപ്പോളും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. വെനസ്വലൻ താരമായ ഈ മുപ്പത്തിരണ്ടുകാരൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പരിചിതനാകുന്നത് കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സിയിൽ കളിക്കാനെത്തുന്നതോടെയാണ്. എന്നാൽ അതിലുമൊക്കെ വർഷങ്ങൾക്ക് മുൻപ് സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയ്ക്കെതിരെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മിക്കു പന്ത് തട്ടിയ കാര്യം എത്ര പേർക്കറിയാം…

അതെ, 2011 സെപ്റ്റംബർ രണ്ടാം തീയതി അർജന്റീനയും വെനസ്വലയും തമ്മിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലൻ ടീമിന് വേണ്ടി കളിക്കാൻ മിക്കുവും ഉണ്ടായിരുന്നു. ലയണൽ മെസി ആദ്യമായി അർജന്റീനൻ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ മത്സരമായിരുന്നു അത്. അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ആദ്യമായി ഇന്ത്യയിൽ പന്ത് തട്ടാനെത്തിയ ആ പോരാട്ടം കൊൽക്കത്തയിലെ നിറഞ്ഞ് കവിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ് അരങ്ങേറിയത്. ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ലയണൽ മെസിയെന്ന കാൽപ്പന്തിന്റെ രാജകുമാരനെ മാത്രം ശ്രദ്ധിച്ച മത്സരത്തിൽ ഒരു നിശബ്ദ സാന്നിധ്യമായി മിക്കുവും ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട താരമായി താൻ മാറുമെന്ന് മിക്കു അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

അന്ന് വെറും 26 വയസ് പ്രായം മാത്രമാണ് മിക്കുവിന് ഉണ്ടായിരുന്നത്. താരം ബെംഗളൂരു എഫ് സി യുമായി കരാറിലാകുന്നതിന് മുൻപ് ഇന്ത്യയിൽ കളിക്കാനെത്തിയിരുന്ന ഇക്കാര്യം പലർക്കും ഒരു പുതിയ അറിവായിരിക്കും. ഇന്ത്യയിലെ തന്റെ ആദ്യ മത്സരത്തിൽ അർജന്റീന യ്ക്കെതിരെ പരാജയപ്പെടേണ്ടി വന്ന മിക്കു ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിനെ തന്റെ കാൽക്കീഴിലാക്കി യാത്ര തുടരുകയാണ്.