SHARE

നിലവിൽ ഇംഗ്ല‌ണ്ട് ടീമിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് ഡേവിഡ് വില്ലി. 2019 ൽ നാട്ടിൽ വെച്ചു നടന്ന ഏകദിന ലോകകപ്പിൽ നിർഭാഗ്യം കൊണ്ടു മാത്രം അവസരം ലഭിക്കാതെ പോയ താരം ഈ മാസം ശ്രീലങ്കക്കെതിരെ ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ ടീമിന്റെ പ്രധാന ബോളിംഗ് പ്രതീക്ഷയാണ്.

എന്നാൽ ഇംഗ്ലണ്ട് താരമായ വില്ലി, ഇംഗ്ലണ്ട് ടീമിനെതിരെ തന്നെ ഹാട്രിക്ക് നേടിയിട്ടുണ്ട്. അതും മുംബൈ ‌ടീമിന്റെ ജേഴ്സിയണിഞ്ഞ്. ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികൾക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടാകില്ല എന്നതാണ് സത്യം.

2016 ൽ ഇന്ത്യയിൽ വെച്ചു നടന്ന ടി20 ലോകകപ്പിന് മുന്നോടിയായിട്ടായിരുന്നു ഇത്. ടി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇംഗ്ലണ്ട്‌ ടീം, മുംബൈ ഇലവനെതിരെ പരിശീലന മത്സരം കളിച്ചിരുന്നു. അന്ന് മുംബൈ ടീം അല്പം ദുർബലമായതിനാൽ ഡേവിഡ് വില്ലി, ആദിൽ റഷീദ്, ജോസ് ബട്ലർ, ജെയിംസ് വിൻസ് എന്നീ കളികാർ മുംബൈ ഇലവന് വേണ്ടിയാണ് കളിച്ചത്. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ടോസ് നേടിയ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു‌.

ഇന്ത്യൻ പേസർ ഷർദുൽ താക്കൂറിനൊപ്പം, ഡേവിഡ് വില്ലിയായിരുന്നു മുംബൈ ഇലവന്റെ ബോളിംഗ് ഓപ്പ‌ൺ ചെയ്തത്. മത്സരത്തിൽ മോർഗൻ നയിച്ച ഇംഗ്ലണ്ട് ടീം 177 റൺസ് സ്കോർ ചെയ്തെങ്കിലും ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയത് ഡേവിഡ് വില്ലി കളിയിൽ നേടിയ ഹാട്രിക്കായിരുന്നു. ജോ റൂട്ട്, മോയിൻ അലി, ക്രിസ് ജോർദാൻ എന്നിവരെ പുറത്താക്കിയാണ് വില്ലി ഹാട്രിക്ക് നേടിയത്. അതേ സമയം വില്ലി തകർപ്പൻ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ അദ്ദേഹം കളിച്ച മുംബൈ ഇലവൻ 14 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.