SHARE

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്‌ രാഹുൽ ദ്രാവിഡ്. ടെസ്റ്റിലും, ഏകദിനത്തിലും പതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള ദ്രാവിഡ് കുറച്ച് നാൾ ഇന്ത്യൻ നായകനുമായിരുന്നു. എന്നാൽ ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന‌ ദ്രാവിഡ് സ്കോട്ട്ലൻഡ് ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികൾക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം. 2003 ലായിരുന്നു ഇത്.

2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ഇന്ത്യൻ ടീം മികച്ച പ്രകടനംകാഴ്ച വെച്ച ഈ ലോകകപ്പിന് ശേഷം ദ്രാവിഡ് അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് നാല് മാസത്തോളം സമയം വിശ്രമം ലഭിച്ചു. ഈ സമയത്താണ് സ്കോട്ടിഷ് ക്രിക്കറ്റ് യൂണിയന്റെ ചീഫ് എക്സിക്യൂട്ടീവായ ഗ്വെയിൻ ജോൺസ്, ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിൽ ഒരാളെ സ്കോട്ട്ലൻഡ് ദേശീയ ടീമിൽ കളിക്കാൻ വിട്ടുതരണമെന്ന ആവശ്യവുമായി ഇന്ത്യൻ പരിശീലകനായ ജോൺ റൈറ്റിന് അരികിലെത്തിയത്.

-Advertisement-

നാഷണൽ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് സ്കോട്ട്ലൻഡിന് പ്രൊമോഷൻ ലഭിച്ച സമയമായിരുന്നു ഇത്. ടീം അംഗങ്ങളെ പ്രചോദിപ്പിക്കാൻ ഡ്രെസ്സിംഗ് റൂമിൽ ഒരു വിദേശ മാർക്വി താരം വേണമെന്ന് തീരുമാനിച്ചിരുന്ന സ്കോട്ടിഷ് ക്രിക്കറ്റ് യൂണിയൻ, അതിന് വേണ്ടിയാണ് ഇന്ത്യൻ പരിശീലകന് അരികിലെത്തിയത്. ഇന്ത്യയിൽ നിന്ന് രാഹുൽ ദ്രാവിഡിനെ സ്കോട്ടിഷ് ടീമിൽ കളിക്കാൻ അയക്കാനായിരുന്നു ജോൺ റൈറ്റിന്റെ തീരുമാനം. ഇംഗ്ലീഷ് കൗണ്ടി നാഷണൽ ലീഗിൽ കളിക്കുമ്പോൾ ദ്രാവിഡിന്റെ ‌സാന്നിധ്യം കളിക്കളത്തിന് അകത്തും പുറത്തും സ്കോട്ട്ലൻഡിന് കരുത്താകുമെന്ന് ജോൺ റൈറ്റ്, ഗ്വെയിൻ ജോൺസിന് വാക്കു കൊടുത്തു.

ദ്രാവിഡിനും സ്കോട്ട്ലൻഡ് ടീമിൽ കളിക്കുന്നതിനോട് പൂർണ‌താല്പര്യമായിരുന്നു. 11 മത്സരങ്ങളിൽ കളിക്കാനായി 45000 പൗണ്ടിന്റെ കരാറാണ് ദ്രാവിഡ്, സ്കോട്ട്ലൻഡ് ടീമുമായി ഒപ്പുവെച്ചത്. സ്കോട്ട്ലൻഡിന് വേണ്ടി മിന്നും പ്രകടനമായിരുന്നു അവിടെ ദ്രാവിഡ് പുറത്തെടുത്തത്. കളിച്ച 11 ഏകദിന മത്സരങ്ങളിൽ നിന്ന് 66.66 ബാറ്റിംഗ് ശരാശരിയിൽ‌ 600 ലധികം റൺസ് ഇന്ത്യൻ സൂപ്പർ താരംഅടിച്ച് കൂട്ടി. ഈ ടൂർണമെന്റിൽ സ്കോട്ട്ലൻഡിന്റെ ടോപ് സ്കോറർ കൂടിയായിരുന്നു ദ്രാവിഡ്. അതേ സമയം ഇന്ത്യൻസൂപ്പർ താരത്തിന്റെ മിന്നും പ്രകടനങ്ങൾ മാത്രമായിരുന്നു സ്കോട്ട്ലൻഡിന് ഈ ടൂർണമെന്റിൽ ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. കാരണം കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ഒരു വിജയം‌ മാത്രമായിരുന്നു അവർക്ക് നേടാനായത്.