SHARE

ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ഓൾ റൗണ്ടറാണ് ഹാർദിക് പാണ്ട്യ. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ പാണ്ട്യ ടെലിവിഷൻ ഷോയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് നിലവിൽ ബിസിസിഐയുടെ വിലക്ക് നേരിടുകയാണ്‌. ഇതേത്തുടർന്ന് ഓസീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലുണ്ടായിരുന്ന പാണ്ട്യയ്ക്ക് പകരക്കാരനായി ഓൾ റൗണ്ടർ വിജയ് ശങ്കറിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

പാണ്ട്യയ്ക്ക് മുന്നേ ഇന്ത്യൻ ടീമിലെത്തേണ്ടിയിരുന്ന താരമാണെങ്കിലും നിർഭാഗ്യം വിജയ് ശങ്കറിന് മുന്നിൽ വില്ലനാവുകയായിരുന്നു. 2016 ൽ ഓസീസ് പര്യടനം നടത്താനിരുന്ന ഇന്ത്യൻ എ ടീമിൽ സ്ഥാനം ഉറപ്പിച്ചിരിക്കെ വിജയ് ശങ്കറിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത് ഹാർദിക് പാണ്ട്യയെയാണ്. എന്നാൽ ഇരുപത്തിയഞ്ചുകാരനായ പാണ്ട്യ തകർപ്പൻ പ്രകടനം കാഴ്ച വെക്കുകയും, അത് വഴി ഇന്ത്യൻ ടീമിലേക്ക് കയറിപ്പറ്റുകയുമായിരുന്നു. അതേ വർഷം തന്നെ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിലേക്കും പാണ്ട്യയ്ക്ക് വിളി വന്നു. ഇന്ത്യൻ ജേഴ്സിയിൽ മിന്നും പ്രകടനം പുറത്തെടുത്ത് പാണ്ട്യ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

2016 ൽ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായെ‌ങ്കിൽ, അന്ന് തന്റെ സ്ഥാനത്ത് ടീമിലെത്തിയ ഹാർദിക് പാണ്ട്യയ്ക്ക് പകരക്കാരനായി ഇപ്പോൾ വിജയ് ശങ്കർ ടീമിലെത്തിയിരിക്കുന്നു. 2016 ലെ നിർഭാഗ്യം 2019 ൽ ഭാഗ്യമായി മാറിയിരിക്കുകയാണ് വിജയ് ശങ്കറിന്. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ കൂടി കഴിഞ്ഞാൽ ഇന്ത്യൻ ടീമിന്റെ ലോകകപ്പ്‌ പദ്ധതികളിലും പാണ്ട്യയെ മറികടന്ന് ഇടം പിടിക്കാൻ വിജയ് ശങ്കറിന് കഴിയും.