SHARE

2009 ലായിരുന്നു അന്നത്തെ ഇന്ത്യൻ നായകനായിരുന്ന എം എസ് ധോണിയും, ടീമിന്റെ ഉപനായകനായിരുന്ന വീരേന്ദർ സേവാഗും തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകൾ വീണെന്ന വാർത്തകൾ ആദ്യമായി പുറത്തു വന്നത്. ആ വർഷം ഇംഗ്ലണ്ടിൽ വെച്ചു നടന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇക്കാര്യം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തു. സേവാഗ് ചില ഫിറ്റ്നസ് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സമയമായിരുന്നു ഇത്‌‌.

അന്ന് നടന്ന പത്രസമ്മേളനങ്ങളിലൊന്നിൽ സേവാഗിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ചോദ്യം റിപ്പോർട്ടർമാരിലൊരാൾചോദിച്ചു കൊണ്ടിരുന്നത് ധോണിയെ അലോസരപ്പെടുത്തിയിരുന്നു‌‌. സേവാഗിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ, ഫിറ്റ്നസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നിങ്ങൾക്ക് ബിസിസിഐയിൽ നിന്ന് ലഭിക്കുമെന്ന മറുപടിയാണ് ധോണി നൽകിയത്. വീണ്ടും ഇക്കാര്യത്തിൽ ചോദ്യമുയർന്നപ്പോൾ താൻ അതിൽ ഒന്നും പറയില്ലെന്നാണ് ധോണി ചൂണ്ടിക്കാട്ടിയത്. സേവാഗിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നിട്ടും പത്രസമ്മേളനത്തിൽ ധോണി ഇത്തരമൊരു നിലപാട് എടുത്തത് അദ്ദേഹവും സേവാഗും തമ്മിലുള്ള ബന്ധം വഷളാണെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി.

എന്നാൽ സേവാഗും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് കുറിച്ച മാധ്യമപ്രവർത്തകരെയെല്ലാം 2009ലെ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് (ബംഗ്ലാദേശിനെതിരെ) മുൻപ് നടന്ന പത്രസമ്മേളനത്തിൽ ധോണി ഞെട്ടിച്ചു. ഇന്ത്യൻ ടീമിലെ മുഴുവൻ കളികാരെയും കൂട്ടിയായിരുന്നു ധോണി അന്ന് പത്രസമ്മേളനത്തിനെത്തിയത്. സേവാഗുൾപ്പെടെയുള്ള സഹ കളികാരെ സമീപത്ത് നിർത്തി ടീമിന്റെ ഔദ്യോഗിക പ്രസ്താവന വായിച്ച ധോണി, താനും സേവാഗും തമ്മിൽ ഭിന്നതയിലാണെന്ന തരത്തിൽ ഉയരുന്ന എല്ലാ സംശയങ്ങൾക്കും അതിലൂടെ അവസാനമിട്ടു.‌

“ഞാനും സേവാഗും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങളിൽ അടുത്തിടെ വന്ന റിപ്പോർട്ടുകൾ തെറ്റായതും നിരുത്തരവാദപരവുമായ മാധ്യമ റിപ്പോർട്ടിംഗിന് തുല്യമാണ്‌‌.” പ്രസ്താവനയിൽ ധോണി അന്ന് വ്യക്തമാക്കി.

അതേ സമയം ഈ പത്രസമ്മേളനത്തോട് കൂടി സേവാഗും-ധോണിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക അവസാനമായെങ്കിലും 2011-12 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇരുവരും തമ്മിലുള്ള പടലപ്പിണക്കം വീ‌ണ്ടും ഉയർന്ന് വന്നിരുന്നു.