SHARE

2008 ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു ശ്രീവത്സ് ഗോസ്വാമി. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരമായ ഗോസ്വാമി ഇപ്പോളിതാ തന്റെ മുൻ ടീം നായകനായ കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുന്നു.

താനും വിരാട് കോഹ്ലിയും തമ്മിൽ മികച്ച അടുപ്പമാണുള്ളതെന്ന് പറയുന്ന ഗോസ്വാമി, കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമ്പോളൊക്കെ താൻ അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ടെന്നും, ഇടയ്ക്കിടയ്ക്ക് നേരിട്ട് കണ്ട് പരിചയം പുതുക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.

2008 ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ തന്റെ സഹതാരങ്ങളെക്കുറിച്ച് പറയുമ്പോൾ ഗോസ്വാമിക്ക് നൂറുനാവ്. ” അന്ന് ഒരുമിച്ച് കളിച്ചിരുന്ന താരങ്ങളെല്ലാം ഇന്നും പല ടീമുകളിലായി കളി തുടരുന്നുണ്ട്. എല്ലാവരും തങ്ങളുടേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ആ ടീമിലെ എല്ലാവർക്കും ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ശരി തന്നെ, പക്ഷേ അവരെല്ലാം ഇപ്പോളും കളി തുടരുന്നുണ്ട്. ആ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ഞങ്ങളെല്ലാം ഇപ്പോളും നല്ല സുഹൃത്തുക്കൾ ആണെന്നതാണ്.” ഗോസ്വാമി പറഞ്ഞുനിർത്തി.