SHARE

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ മറ്റൊരു ഏകദിന ലോകകപ്പിന് കൂടി അവസാനമാവുകയാണ്. 4 വർഷങ്ങൾക്കപ്പുറമാണ് ഇനിയൊരു ലോകകപ്പ്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ലോകകപ്പായിരിക്കും അത്. കാരണം 2023 ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്.

ഏകദിന ലോകകപ്പിന്റെ പതിമൂന്നാം പതിപ്പാണ് 2023 ൽ ഇന്ത്യയിൽ നടക്കുക. 2023 ഫെബ്രുവരി 9 മുതൽ മാർച്ച് 26 വരെയാകും ഈ ലോകകപ്പിലെ മത്സരങ്ങളെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ഇതിന് മുൻപ് 1987, 1996, 2011 വർഷങ്ങളിലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും, അന്നൊക്കെ ഇന്ത്യയുടെ അയൽ രാജ്യങ്ങളും സഹ ആതിഥേയരായുണ്ടായിരുന്നു.

2019 ൽ നടന്ന ലോകകപ്പിന്റെ ഫോർമ്മാറ്റിൽ തന്നെയായിരിക്കും 2023 ലും ലോകകപ്പ് നടക്കുക. റാങ്കിംഗിൽ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള ടീമുകൾക്കൊപ്പം ആതിഥേയരായ ഇന്ത്യയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ക്വാളിഫയർ മത്സരങ്ങളുടെ ഫൈനലിലെത്തുന്ന രണ്ട് ടീമുകളും ഇതിനൊപ്പം ലോകകപ്പിനെത്തും.