SHARE

സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ അഭാവമായിരുന്നു വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ചത്. ടെസ്റ്റിൽ നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറും, വിൻഡീസിനെതിരെ മികച്ച റെക്കോർഡുമുള്ള അശ്വിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. അശ്വിൻ ടീമിൽ നിന്ന് പുറത്തായപ്പോൾ ജഡേജയായിരുന്നു ഏക സ്പിന്നറായി പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചത്.

മത്സരത്തിന്റെ ഒന്നാം ദിവസത്തെ കളിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് കാരണമെന്തെന്ന് ഉപനായകൻ അജിങ്ക്യ രഹാനെ വെളിപ്പെടുത്തി. ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടിയാണ് അശ്വിനെപ്പോലൊരു താരത്തെ പുറത്തിരുത്തിയതെന്നാണ് രഹാനെയുടെ പക്ഷം. അശ്വിനെപ്പോലൊരു താരത്തെ പുറത്തിരുത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, എന്നാൽ ടീം മാനേജ്മെന്റ് എല്ലായ്പ്പോളും ഏറ്റവും മികച്ച കോമ്പിനേഷനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സംസാരത്തിനിടെ രഹാനെ കൂട്ടിച്ചേർത്തു.

” അശ്വിനെപ്പോലൊരാളെ പുറത്തിരുത്തുന്നത് വളരെ കഷ്ടകരമാണ്. എന്നാൽ ഈ വിക്കറ്റിൽ ജഡേജയെ കളിപ്പിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ടീം മാനേജ്മെന്റ് കരുതി.അത് കൊണ്ട് തന്നെയാണ് ഇത് സംഭവിച്ചത്.” രഹാനെ പറഞ്ഞുനിർത്തി.