SHARE

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ യുഎഇയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിനായി പോകുന്നത്. തായ്‌ലന്‍ഡും സ്‌പെയ്‌നും വിട്ടു മണലാരണ്യത്തിലേക്ക് മഞ്ഞപ്പട പോകുന്നതിന് കാരണങ്ങളുണ്ട്. മാനേജ്‌മെന്റ് വ്യക്തമായ ലക്ഷ്യത്തോടെയാണ് യുഎഇയെ പ്രീസീസണിനായി തെരഞ്ഞെടുത്തത്.

മലയാളികള്‍ ഏറെയുള്ള യുഎഇയില്‍ ടീം പരിശീലനം നടത്തുന്നത് ടീമിന്റെ പ്രചാരണത്തിന് ഏറെ സഹായിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടങ്ങള്‍ സജീവമാണ്. അതുകൊണ്ട് തന്നെ ടീം അവിടെയെത്തുന്നത് ആരാധകര്‍ക്ക് ആവേശമാകും. ബ്ലാസ്റ്റേഴ്‌സിന്റെ കളി നേരിട്ട് കാണാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയിലെ ക്ലബുകളുമായുള്ള മത്സരങ്ങള്‍ കാണാനും സാധിക്കും. ഇതുവഴി ഫാന്‍ബേസ് കൂട്ടാനാകുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

തായ്‌ലന്‍ഡില്‍ കഴിഞ്ഞ സീസണില്‍ പോയപ്പോള്‍ അവിടുത്തെ മൂന്നും നാലും ഡിവിഷനുകളിലെ ടീമുകളെയാണ് എതിരാളികളായി കിട്ടിയത്. ദുര്‍ബല ടീമുകളുമായി വലിയ ഗോള്‍വ്യത്യാസത്തില്‍ ജയിക്കാനായെങ്കിലും ടീമിന് അത് കാര്യമായ ഗുണം ചെയ്തില്ല. എന്നാല്‍ യുഎഇയിലാകുമ്പോള്‍ നിരവധി ശക്തരായ ടീമുകളുമായി ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും. ഇപ്പോഴത്തെ വിവരം അനുസരിച്ച് ആറുമത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് യുഎഇയില്‍ കളിക്കും.