SHARE

സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച് കഴിഞ്ഞു. ഇനിയുള്ള പത്ത് ദിവസങ്ങൾ ഇന്ത്യയിൽ ടി20 പൂരമാണ്. ഇന്ത്യൻ ടീമിലേക്ക് അവസരം കാത്തിരിക്കുന്ന ഒട്ടുമിക്ക താരങ്ങളും വിവിധ ടീമുകളിലായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മത്സരിക്കുന്നുണ്ട്. എന്നാൽ മത്സരിക്കുന്നവരേക്കാൾ ഉപരി ടൂർണമെന്റിൽ നിന്നുള്ള ചില താരങ്ങളുടെ പിന്മാറ്റമാണ് ഇപ്പോൾ കൂടുതൽ വാർത്തയാകുന്നത്.

മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയ പ്രധാന താരം. ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ടിന്റെ ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്ന ധോണി ടൂർണമെന്റിന് നാല് ദിവസം ബാക്കി നിൽക്കുമ്പോളാണ് തന്റെ പിന്മാറ്റം അറിയിക്കുന്നത്. ധോണിയുടെ അഭാവത്തിൽ വരുൺ ആരോണാണ് ഇത്തവണ ജാർഖണ്ട് ടീമിനെ നയിക്കുക.

സമീപകാലത്ത് നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ കുന്തമുനയായ യുവ സ്പിന്നർ യുസ് വേന്ദ്ര ചഹലാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയ മറ്റൊരു പ്രമുഖ താരം. ഹരിയാനയ്ക്ക് വേണ്ടി കളിക്കേണ്ടിയിരുന്ന താരത്തിന്റെ അഭാവം ടൂർണമെന്റിൽ അവരുടെ സാധ്യതകളെയും പിന്നോട്ടടിച്ചിരിക്കുകയാണ്.

വെള്ളപ്പന്തിൽ ഇന്ത്യയുടെ ബാറ്റിംഗ് സ്പെഷ്യലിസ്റ്റുകളായ ശ്രേയസ് അയ്യരും, കേദാർ ജാദവുമാണ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ ഇല്ലാത്ത മറ്റ് പ്രമുഖർ. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ ഇടം പിടിച്ച ഇരുവരും നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്‌. പിൻ തുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് ശ്രീലങ്കയ്ക്കെതിരെ അവസാനം നടന്ന ഏകദിന, ടി20 പരമ്പരകൾ ജാദവിന് നഷ്ടമായിരുന്നു‌. പരിക്കിൽ നിന്ന് മോചിതനായ ജാദവ് പതിയേ പരിശീലനം തുടങ്ങി വരുന്നതേ ഉള്ളൂ‌.

6 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും ഉൾപ്പെടെ കഠിനമായ വിദേശ പര്യടനമാണ് ടീം ഇന്ത്യയെ വരും നാളുകളിൽ കാത്തിരിക്കുന്നത്. അഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് താരങ്ങൾക്ക് പരിക്കുകൾ വല്ലതും പറ്റിയാൽ അത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. യുസ്വേന്ദ്ര ചഹലും, ധോണിയും ഏറെ നാളുകളായി മത്സരാധിക്യം മൂലമുള്ള ക്ഷീണം നേരിടുന്ന താരങ്ങളാണ്. ജാദവാണെങ്കിൽ കഴിഞ്ഞ കുറച്ച് നാളുകളായി പരിക്ക് മൂലം പുറത്തിരിക്കുകയും ചെയ്യുന്നു. ശ്രേയസ് അയ്യറിന്റെ കാര്യത്തിലേക്ക് വന്നാൽ താരത്തിന്റെ പിൻ തുട ഞരമ്പിനും കഴിഞ്ഞയിടയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു.

തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ദക്ഷിണാഫ്രിക്കയിൽ വിജയം നേടാൻ കഴിയൂ എന്ന വ്യക്തമായ ബോധം ഈ താരങ്ങൾക്കെല്ലാമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ മികച്ച ഫിറ്റ്നസ് ലെവൽ ആവശ്യമാണെന്ന് അറിയാവുന്ന അവർ അതിനായി ഇപ്പോളുള്ള സമയം ഉപയോഗപ്പെടുത്തുകയാണ്. ധോണി ഒഴികെയുള്ള മറ്റ് മൂന്ന് പേരും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഠിന പരിശീലനമാണ് ഇതിനായി നടത്തുന്നത്. ധോണി വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും എന്നാണ് വാർത്തകൾ. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോലുള്ള ടൂർണമെന്റിൽ പരിക്കുകൾ പറ്റാനുള്ള സാധ്യതൾ വളരെ കൂടുതലാണ്. അടുത്തടുത്ത ദിവസങ്ങളിലുള്ള അതിന്റെ മത്സരക്രമം തന്നെ താരങ്ങൾക്ക് ഏറെ പ്രശ്നം സൃഷ്ടിക്കുന്നതാണ്. വരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ വിജയിപ്പിക്കേണ്ട ചുമതലയുള്ള ഈ താരങ്ങൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് പിന്മാറിയതിന് പിന്നിലുള്ള കാരണവും ഇതൊക്കെ തന്നെയാണ്.