SHARE

ഇത്തവണത്തെ ലോകകപ്പിൽ ഇത് വരെ മൂന്ന് മത്സരങ്ങളാണ് മഴയെത്തുടർന്ന് ഉപേക്ഷിച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരവും മഴയിൽ ഒലിച്ചുപോയതിന് പിന്നാലെ ഐസിസിക്കെതിരെ ശക്തമായ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്. ലോകകപ്പിനിടെ മഴയുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും, ലീഗ് മത്സരങ്ങൾക്ക് റിസർവ്വ് ദിനങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ആരാധകർക്ക് പുറമേ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയതോടെ സംഭവത്തിൽ ഐസിസി യുടെ വിശദീകരണമെത്തി.

ലോകകപ്പിലെ ലീഗ് മത്സരങ്ങൾക്ക് റിസർവ്വ് ദിനങ്ങൾ വെക്കാത്ത തീരുമാനത്തെ പ്രതിരോധിക്കുന്ന ഐസിസി ചീഫ് ഡേവിഡ് റിച്ചാർഡ്സണിന്റെ വാക്കുകൾ ഇങ്ങനെ, ” ലോകകപ്പിലെ എല്ലാ മത്സരങ്ങൾക്കും റിസർവ്വ് ദിനങ്ങൾ ഏർപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു. കാരണം ഇത് ലോകകപ്പിന്റെ ദൈർഘ്യം വളരെയധികം വർധിപ്പിച്ചേനേ. അത്ര ദീർഘമേറിയ ടൂർണമെന്റ് നടത്തുക പ്രായോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ടൂർണമെന്റ് നീട്ടുന്നത് പല കാര്യങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കും. പിച്ച് തയ്യാറക്കലും, താരങ്ങളുടെ താമസവും, യാത്രയും, പരിശീലനങ്ങളുമെല്ലാം താളം തെറ്റും. മത്സരങ്ങൾക്കുള്ള വോളന്റിയർമാരുടേയും, മാച്ച് ഒഫീഷ്യലുകളുടേയും ജോലിയും ഇതോടെ വർധിക്കും. ഇത് മാത്രമല്ല റിസർവ്വ് ദിനങ്ങളിൽ മഴയെത്തില്ല എന്ന കാര്യത്തിലും യാതൊരു ഉറപ്പും പറയാനാകില്ല.” ഐസിസി ചീഫ് പറഞ്ഞു നിർത്തി.